ആലപ്പുഴ നഗരസഭ
ആലപ്പുഴ: അതിദാരിദ്ര്യമുക്ത നഗരസഭ പ്രഖ്യാപനത്തിനെതിരെ കൗൺസിൽ യോഗത്തിൽ ബഹളം. പണിതീരാത്ത ഫ്ലാറ്റിലേക്ക് ആളുകളെ മാറ്റുന്നതിനെതിരെ പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. നഗരസഭ പരിധിയിൽ അതിദാരിദ്ര്യ പട്ടികയിലുള്ളത് 187 കുടുംബങ്ങളാണ്.
ഇതിൽ 23 കുടുംബങ്ങൾക്കാണ് വീട് വേണ്ടത്. അവരെ ചാത്തനാട് ഫ്ലാറ്റിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാൽ, പണിതീരാത്ത ചാത്തനാട് ഫ്ലാറ്റിലേക്ക് ഏങ്ങനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ചോദ്യമുന്നയിച്ചതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളമായി. ചാത്തനാട് രണ്ട് ഫ്ലാറ്റ് സമുച്ചയമാണ് പണിയുന്നത്. അതിൽ ഒരെണ്ണത്തിൽ 12 പേർക്കും മറ്റൊന്നിൽ ആറുപേരെയും ഉൾപ്പെടെ 18 പേരെ മാറ്റി പാർപ്പിക്കും. ബാക്കിയുള്ളവർക്ക് വാടകക്ക് വീട് എടുത്തുനൽകി പ്രഖ്യാപനം യാഥാർഥ്യമാക്കുമെന്ന് നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. വീടും സ്ഥലവും ഇല്ലാത്ത 23 പേരില്‍ 18 പേര്‍ക്ക് നല്കുന്ന ഫ്ലാറ്റ് മൂന്നുമാസം താമസമുള്ളതിനാല്‍ ഏഴുപേർക്ക് വാടകനല്കി കെട്ടിടം എടുത്തുനല്‍കി.
മൂന്നുപേര്‍ക്ക് പുനര്‍ഗേഹം പദ്ധതിയില്‍ ഭവനം ഉറപ്പാക്കി. രണ്ടുപേര്‍ക്ക് ആലിശ്ശേരിയില്‍ ഭവനം ഒരുക്കാൻ 25 ലക്ഷവും വകയിരുത്തി. നവംബർ ഒന്നിന് സംസ്ഥാനം അതിദാരിദ്ര്യമുക്തം പ്രഖ്യാപനത്തോടെ ആലപ്പുഴയിലും ഇത് യാഥാർഥ്യമാകും. ഇറച്ചി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വൃത്തിഹീനമായാണെന്നും പരിശോധന ശക്തമാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
2002-2023, 2023-2024 വർഷത്തെ ഓഡിറ്റ് പാസാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലും മുടങ്ങിയ പല പദ്ധതികളും പ്രതിപക്ഷം മുഖ്യവിഷയമാക്കി. അടച്ചിട്ട നഗരസഭ ടൗൺ ഹാളിന്റെയും സദ്യാലയത്തിൽ പ്ലാസ്റ്റിക് മാലിന്യം നിറച്ചതും മാലിന്യം വളമാക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങളും എഫ്.സി.ഐ റോഡിൽ പ്രഖ്യാപിച്ച ഫുഡ് സ്ട്രീറ്റിനെക്കുറിച്ചും ചോദ്യമുന്നയിച്ചു. ടൗൺ ഹാളിന്റെ നിർമാണം മറ്റൊരു ഏജൻസിയെ ഏൽപിക്കുമെന്ന് നഗരസഭ എൻജീനിയർ മറുപടി നൽകി.
സർക്കാറിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും നാടിന്റെ ഭാവിവികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനും 17ന് വികസന സദസ്സ് നടത്തും. നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, നസീർ പുന്നക്കൽ, ആർ. വിനിത, എം.ജി. സതീദേവി, കൗൺസിലർമാരായ സൗമ്യരാജ്, അഡ്വ. റീഗോരാജു, പി. രതീഷ്, പി. റഹിയാനത്ത്, സി. അരവിന്ദാക്ഷൻ, സുമ, ആർ. രമേശൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, കെ.എസ്. ജയൻ, സെക്രട്ടറി ഷിബു എൽ. നാൽപാട്ട് എന്നിവർ സംസാരിച്ചു.
ആലപ്പുഴ: ഓഡിറ്റ് പരാമർശങ്ങളിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിലും വ്യക്തതയില്ലാത്ത മറുപടിയാണ് നൽകിയതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു. രണ്ടുവർഷമായി പൂട്ടിയ ടൗൺഹാൾ എപ്പോൾ പുനർനിർമിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
അതിദരിദ്രർക്കായി അഞ്ചുവർഷം മുമ്പ് നിർമാണം ആരംഭിച്ച ഫ്ലാറ്റിന്റെ പ്രവൃത്തികൾ നിലച്ചിട്ട് രണ്ടുവർഷമായി. അതിദരിദ്ര്യമുക്ത നഗരമായി പ്രഖ്യാപിക്കാൻ അജണ്ട കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നാടകമാണ്.
നഗരസഭയുടെ തനത് വരുമാനം തിരിച്ചെടുക്കുന്നതിൽ വീഴ്ചയുണ്ടായി 12 ലക്ഷത്തോളം രൂപ നഷ്ടമായത് ഉൾപ്പെടെയുള്ള ഓഡിറ്റ് പരാമർശങ്ങൾക്ക് മറുപടി നൽകാത്തത് ഭരണപക്ഷത്തിന്റെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.