ആലപ്പുഴ: വിജ്ഞാനകേരളം തൊഴിൽ മേളയുടെ ആദ്യ മെഗാ ജോബ് എക്സ്പോ ഫെബ്രുവരി 15ന് ആലപ്പുയിലെ വിവിധവേദികളിൽ നടക്കുമെന്ന് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ എസ്.ഡി കോളജ്, എസ്.ഡി.വി കോളജ്, യൂനിവേഴ്സിറ്റി ഇൻഫർമേഷൻ സെന്റർ, കളർകോട് ഗവ. യു.പി സ്കൂൾ എന്നിവയാണ് വേദികൾ. എക്സ്പോക്ക് മുന്നോടിയായി 14ന് ഓൺലൈൻ ഇന്റർവ്യൂകൾ നടക്കും. ആലപ്പുഴയിൽ എത്താൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് മറ്റ് ജില്ല കേന്ദ്രങ്ങളിൽനിന്ന് ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സൗകര്യമുണ്ട്.
ജില്ല പഞ്ചായത്തും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ജോബ് എക്സ്പോയിൽ 4,37,522 തൊഴിലവസരമുണ്ട്. ഇതിൽ 1.25 ലക്ഷം തൊഴിലുകൾ കേന്ദ്ര സർക്കാറിന്റെ ഇന്റേൺഷിപ്, അപ്രന്റിസ്ഷിപ് സ്കീമുകളിലേതാണ്. 2,80,463 തൊഴിലുകൾ ലിങ്ക്ഡിൻ, ഫൗണ്ടിറ്റ്, ഹമാര ഏജൻസികളിലൂടെയും ലാഴ്സർ ആൻഡ് ടർബോ ജിയോ, ക്വിസ്കോർപ്, എസ്.എഫ്.ഒ ടെക്നോളജി എംപ്ലോയബ്ലിലിറ്റി, ബ്രിഡ്ജ്, താജ് ഹോട്ടൽ, മുത്തൂറ്റ് മൈക്രോഫിനാൻസ്, എൽ.ഐ.സി, ഐ.എച്ച്.എൻ.എ ആസ്ട്രേലിയ തുടങ്ങിയ കമ്പനികളുടെയും തൊഴിലുകളാണുള്ളത്. നഴ്സിങ് പാസായവർക്കായി ജർമനി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് 2000 അവസരങ്ങളുമുണ്ട്.
തൊഴിലിന് അപേക്ഷിക്കുന്നവർ ഡി.ഡബ്ല്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. knowledgemission.kerala.gov.in എന്നതാണ് ലിങ്ക്. അവിടെ തൊഴിലുകൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കും. അനുയോജ്യമായ ജോലിക്ക് ഡി.ഡബ്ല്യു.എം.എസിൽ തന്നെ അപേക്ഷിക്കണം. വാട്സ്ആപ്പും ഇ-മെയിലും വഴി അഭിമുഖ സ്ഥലവും സമയവും വിജ്ഞാനകേരളം ആലപ്പുഴ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റിൽനിന്നും അറിയിക്കും. അനുയോജ്യമായ തൊഴിൽ കണ്ടുപിടിക്കാൻ അപേക്ഷയടക്കമുള്ള സഹായങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും നഗരസഭകളിലും ജോബ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഏപ്രിൽ മുതൽ എല്ലാ മാസവും രണ്ടുവീതം മെഗാതൊഴിൽ മേളകൾ സംഘടിപ്പിക്കും. ഡി.ഡബ്ല്യു.എം.എസ് വഴി ലഭ്യമാകുന്ന അന്തർദേശീയ സംസ്ഥാനതല തൊഴിലവസരങ്ങൾക്ക് പുറമെ ലോക്കൽ തൊഴിലവസരങ്ങളും ലഭ്യമാക്കും.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ തൊഴിൽദാതാക്കളാണ് ഇതിൽ പങ്കെടുക്കുക. അക്കൗണ്ടന്റുമാർ, സെയിൽസ് സർവിസുകാർ, മെക്കാനിക്ക്, ടൂറിസം സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളുടെ വിശദാംശങ്ങൾ വിജ്ഞാന ആലപ്പുഴ വെബ്സൈറ്റിൽ ലഭ്യമാക്കും. ഇന്റർവ്യൂ സമയത്ത് രേഖകൾ ഹാജരാക്കണം.
വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ. റിയാസ്, ബിനു ഐസക് രാജു, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, വിജ്ഞാന ആലപ്പുഴ ജില്ലമിഷൻ കോഓഓഡിനേറ്റർ സി.കെ. ഷിബു, കെ.കെ.ഇ.എം ജില്ല പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, കെ-ഡിസ്ക് ഫാക്കൽറ്റി പ്രിൻസ് എബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.