ആലപ്പുഴ ജനറൽ ആശുപത്രി സർജറി വിഭാഗം വാർഡിലെത്തിയ എച്ച്. സലാം എം.എൽ.എ രോഗിയോട് വിവരങ്ങൾ ചോദിക്കുന്നു
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ബലക്ഷയം നേരിട്ട ഐ.പി സമുച്ചയങ്ങളുടെ നവീകരിക്കാൻ 60 ലക്ഷം രൂപയുടെ പദ്ധതി വേഗത്തിലാക്കും. കോട്ടയം മെഡിക്കൽ കോളജ് പഴയകെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ ആലപ്പുഴ ജനറൽ ആശുപത്രി കെട്ടിടങ്ങൾക്കും ‘ചികിത്സ’ വേണം എന്ന തലക്കെട്ടിൽ ബലക്ഷയമുള്ള പഴയകെട്ടിടങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ നഗരസഭ എൻജീനിയറിങ് വിഭാഗം അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ കണക്ക് നൽകാൻ സംസ്ഥാന ആരോഗ്യവകുപ്പ് ജില്ല മെഡിക്കൽ ഓഫിസറോട് നിർദേശിച്ചിരുന്നു. കോൺക്രീറ്റുകൾ അടർന്നുവീഴുന്നത് നിത്യസംഭവമായ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഐ.പി കെട്ടിടം നവീകരിക്കുന്ന ജോലികൾ തിങ്കളാഴ്ച തുടങ്ങും.
അതേസമയം, നവീകരണം ഏകോപിപ്പിക്കാൻ ചൊവ്വാഴ്ച രാവിലെ 11ന് എച്ച്. സലാം എം.എൽ.എ സംയുക്തയോഗം ചേരും. നഗരസഭയുടെ പൊതുമരാമത്ത് വകുപ്പിന്റെയും എൻജിനീയറിങ് വിഭാഗങ്ങൾ, നഗരസഭ അധികൃതർ, ആശുപത്രി അധികൃതർ എന്നിവരടങ്ങുന്ന വിപുലമായ യോഗമാണ് ചേരുക.
60 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് നേരത്തേ കരാർ നൽകിയെങ്കിലും പണി തുടങ്ങാനായിരുന്നില്ല. നവീകരണം നടത്തുന്ന പഴയ കെട്ടിടത്തിൽ കഴിയുന്ന രോഗികളെ സൗകര്യപ്രദമായ മറ്റിടത്തേക്ക് മാറ്റും. സർജറി വാർഡിന്റെയും അവിടേക്കുള്ള റാമ്പിന്റെയും നവീകരണമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. നിലവിൽ സർജറി വാർഡ് മുകളിലും ഓപറേഷൻ തിയറ്റർ താഴെയുമാണ്.
നിലവിൽ മെഡിസിൻ ഐ.സി.യു, മെഡിസിൻ (പുരുഷവിഭാഗം), സർജറി വാർഡുകൾ, ഡയാലിസിസ് യൂനിറ്റ്, സി.ടി സ്കാൻ തുടങ്ങിയവ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ജനറൽ ആശുപത്രിയിലെ പഴയകെട്ടിടത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് പാളികൾ പലതവണയായി ഇടത്ത് ഇളകിവീണിട്ടുണ്ട്.
നേരത്തേ കോൺക്രീറ്റ് പാളി ഇളകിവീണിടത്ത് തേച്ച് പെയിന്റടിച്ചിരുന്നു. അതിപ്പോൾ വീണ്ടും ഇളകിവീഴുന്നുണ്ട്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണിയും നവീകരണംകൊണ്ടും പ്രശ്നം തീരില്ലെന്നാണ് ആശുപത്രി ജീവനക്കാരും വികസനസമിതി അംഗങ്ങളും പറയുന്നത്.
ആലപ്പുഴ: കോട്ടയം മെഡിക്കൽകോളജ് ദുരന്തപശ്ചാത്തലത്തിൽ ജനറൽആശുപത്രിയിലെ വാർഡുകൾ സന്ദർശിച്ച എച്ച്. സലാം എം.എൽ.എ. പഴയകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വാർഡുകളിലേക്ക് പോകാതെ നല്ലവാർഡുകൾ കണ്ടാണ് മടങ്ങിയത്.
നേരത്തേ അറ്റകുറ്റപ്പണി നടത്തിയ സർജറി വിഭാഗം പുരുഷൻമാരുടെയും ഓർത്തോ വിഭാഗം സ്ത്രീകളുടെയും വാർഡുകൾ മാത്രമാണ് സന്ദർശിച്ചത്. എന്നാൽ, ഇതിന്റെ താഴത്തെ നിലയിലും സമീപത്തുമുള്ള മറ്റ് വാർഡുകളുമാണ് പൊട്ടിപ്പൊളിഞ്ഞിരുന്നത്.
ഇവിടേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് ആക്ഷേപം. താഴത്തെനിലയിൽനിന്ന് കോൺക്രീറ്റ് അടർന്നുവീണാൽ സർജറി, ഓർത്തോ വാർഡുകളെയും ബാധിക്കും. ഇത്തരം കാര്യങ്ങൾ എം.എൽ.എയെ ആരും ധരിപ്പിച്ചില്ലെന്നും പരാതിയുണ്ട്. ആർ.എം.ഒ ഡോ. ആശ മോഹൻദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദിലീപ്, ഡോ. പ്രിയദർശൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.