ആലപ്പുഴ: ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ‘മുപ്പാലം’ നിരവധി ഹിറ്റ് സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും പശ്ചാത്തലമൊരുക്കിയാണ് ഹിറ്റായത്. ഗതകാലസ്മരണകള്‍ നിലനിന്ന പാലം പൊളിച്ച് പണിതതോടെ ‘നാൽപ്പാലം’ ആയി. സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായ മുപ്പാലമാണ് മുഖംമിനുക്കിയത്.
നഗരത്തിൽ നിറയെ പാലങ്ങളുണ്ടെങ്കിലും മുപ്പാലത്തിനുള്ള സൗന്ദര്യവും താരപരിവേഷം മറ്റ് പാലങ്ങൾക്കില്ല. നേരത്തെ മൂന്ന് പാലങ്ങൾ സംഗമിക്കുന്ന ഇവിടം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നൂറിൽപരം സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്.
പാലത്തിൽ എവിടെ കാമറ വെച്ചാലും ആലപ്പുഴയുടെ ദൃശ്യഭംഗിയും പൈതൃകവും ഒപ്പിയെടുക്കാമെന്നതാണ് സവിശേഷത. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ള തലമുറയിലേക്കും പടർന്നായിരുന്നു അക്കാലത്ത് മുപ്പാലത്തിന്റെ സഞ്ചാരം. ഷാരൂഖ് ഖാൻ, രജനീകാന്ത്, അല്ലുഅർജുൻ, രവി തേജ, കിച്ചാ സുദീപ്, സിദ്ധാർഥ്, ഹൻസിക, ശാലിനി, രേഖ തുടങ്ങി മറ്റ് ഭാഷാതാരങ്ങളും സിനിമചിത്രീകരണത്തിന് ഇവിടെയെത്തിയിട്ടുണ്ട്.
എത്രയോ തലമുറകൾ അവരുടെ സ്വപ്നങ്ങളും സൗഹൃദങ്ങളും പ്രണയവും അയവിറക്കിയ മുപ്പാലത്തിലെ സുന്ദരസായാഹ്നങ്ങൾ തിരശീലയിലേക്ക് മറഞ്ഞെങ്കിലും ന്യൂജെൻ തലമുറയുടെ പുതിയസ്പോട്ട് കൂടിയാണ് ‘നാൽപ്പാലം’. സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്ന നാൽപ്പാലത്തെ തേടിയാവും ഇനി സിനിമാക്കാരും വിനോദസഞ്ചാരികളും എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.