ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്ന് ജില്ല കലക്ടര്‍ ജോണ്‍ വി. സാമുവല്‍. പഞ്ചിങ് യന്ത്രങ്ങള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്നും ജില്ല വികസന സമിതി യോഗത്തില്‍ അദ്ദേഹം നിർദേശിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ ഫയലിംഗ് സിസ്റ്റം ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായും ഇ-ഓഫിസിലേക്ക് മാറണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ജനങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നതും മറുപടി നല്‍കുന്നതുമുള്‍പ്പെടെ എല്ലാ കത്തിടപാടുകളും കടലാസ് രഹിതമായിരിക്കണമെന്നും നിർദേശിച്ചു.
നവകേരള സദസ്സില്‍ ലഭ്യമായ പരാതികളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ യോഗം നിർദേശിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കി സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 100 ശതമാനം നിര്‍വഹണ പുരോഗതി കൈവരിക്കാന്‍ ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കായംകുളം മണ്ഡലത്തില്‍ ദേശീയപാതയിലൂടെ യാത്ര അതീവ ദുഷ്കരമാണെന്നും എത്രയും വേഗം കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും യു. പ്രതിഭ എം.എല്‍.എ ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി ഉറപ്പുനല്‍കി.
കായംകുളത്ത് ജല അതോറിറ്റിക്ക് അനുവദിച്ച പുതിയ ഡിവിഷനായി എത്രയും വേഗം ഓഫീസ് കെട്ടിടം സജ്ജമാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലെ നിര്‍മാണ പ്രവൃത്തികളിലെ കാലതാമസത്തിന് കരാറുകാരുടെ നിസ്സഹകരണം കാരണമാകുന്നുവെന്ന് വികസന സമിതിയില്‍ പങ്കെടുത്ത നിർവഹണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കരാർ വെച്ചശേഷം പണി തുടങ്ങാത്തവര്‍, ഇടക്ക് പണി ഉപേക്ഷിച്ച് പോകുന്നവര്‍ തുടങ്ങിയ കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയും സഹകരണവും ആവശ്യപ്പെട്ട കലക്ടര്‍, ധാരണാപത്രം തയാറാക്കുമ്പോള്‍ ആവശ്യമായ നിയമ പിന്തുണ ഉറപ്പാക്കുന്ന വിധമായിരിക്കണമെന്ന് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ല പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.