ആലപ്പുഴ: നഗരഹൃദയത്തിൽ വാസ്തുശിൽപ മാതൃകയിൽ പുനർനിർമിക്കുന്ന ജില്ല കോടതിപ്പാലത്തിന്റെ പണി ഇനി വേഗത്തിലാകും. സ്ഥലം വിട്ടുനൽകുന്ന ഉടമകളുടെ അക്കൗണ്ടിലേക്ക് പണമെത്തും. നടപടി വേഗത്തിലാക്കാൻ കിഫ്ബിയുടെ ചേർത്തല ഓഫിസിൽനിന്ന് ട്രഷറിയിലേക്ക് മുഴുവൻ തുകയും നിക്ഷേപിച്ചു. സ്ഥലം വിട്ടുനൽകുന്ന 43 ഉടമകളുടെ നഷ്ടപരിഹാരമാണ് ഏറ്റവും ഒടുവിൽ കൈമാറിയതര്.
ഇതുവരെ നഷ്ടപരിഹാരം ലഭിക്കേണ്ട 134 പേരിൽ 132 പേർക്കുള്ള പണമാണ് നൽകിയിട്ടുള്ളത്. എസ്.ഡി.വി സ്കൂൾ, ബോട്ട് ജെട്ടിക്ക് എതിർവശത്തെ വസ്തു ഉടമ സുകുമാർ എന്നിവരുടെ നഷ്ടപരിഹാരത്തുകയാണ് ഇനി ബാക്കിയുള്ളത്. അടുത്തയാഴ്ച മുതൽ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാകും. സ്ഥലം വിട്ടുനൽകിയെന്ന സമ്മതപത്രം ഉടമ നൽകുന്നതോടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമാകും.
നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിന് സ്ഥലം കൈമാറുന്നതോടെ പണികൾ തുടങ്ങും. നടപടിക്രമം പൂർത്തിയാക്കി ഡിസംബർ അവസാനവാരം പഴയപാലം പൊളിക്കാമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട വിജ്ഞാപനശേഷം പലർക്കായി സ്ഥലം കൈമാറിയതിനാൽ രേഖകൾ ഒത്തുനോക്കി അവരുടെ പേരിലാണ് പണം നൽകുന്നത്.
ആലപ്പുഴ-അമ്പലപ്പുഴ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും നഗരഹൃദയത്തിലുള്ളതുമായ ജില്ല കോടതിപ്പാലം ഉയരുന്നതോടെ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പരമാവധി കുറച്ച് സ്ഥലം ഏറ്റെടുത്താണ് പുനർനിർമാണം. ഇതിനൊപ്പം അടിപ്പാതയും ആകാശപാതയുമുണ്ടാകുന്ന രൂപത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ബ്രിഡ്ജസ് ഡിസൈനിങ് യൂനിറ്റാണ് ഡിസൈൻ തയാറാക്കിയിട്ടുള്ളത്. കിഫ്ബിയിൽനിന്ന് സർക്കാർ 98.9 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2020 ജനുവരി 27നാണ് പാലത്തിന് ഇരുവശങ്ങളിലെയും സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനമിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.