ആലപ്പുഴയിലെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവിസ് നടത്താൻ താൽക്കാലികമായി ഒരുക്കിയ മാതാ ജെട്ടി
ആലപ്പുഴ: ജില്ല കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി നഗരത്തിന്റെ പുരാതന മുഖമായ ബോട്ട് ജെട്ടിയും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് കെട്ടിടവും ഇനി ഓർമയാകും. ആലപ്പുഴയിൽനിന്നുള്ള ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകളും വിനോദസഞ്ചാരികൾക്കായുള്ള വേഗയും സീകുട്ടനാടും ശനിയാഴ്ച മുതൽ താൽക്കാലിക സംവിധാനമായ മാതാജെട്ടിയിൽനിന്ന് സർവിസ് നടത്തും. കൺട്രോളിങ് ഓഫിസ്, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, കുടിവെള്ളം, വൈദ്യുതി, ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പ്രവർത്തനം. ബോട്ടുജെട്ടിമാറ്റത്തോടെ ഔട്ട് പോസ്റ്റ് ഭാഗത്തുനിന്ന് സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് താൽക്കാലിക റോഡിന്റെ ബണ്ട് നിർമാണവും തുടങ്ങും.
ആലപ്പുഴ ബോട്ടുജെട്ടി
ആലപ്പുഴയിൽനിന്ന് പുലർച്ച 5.30 മുതൽ രാത്രി 9.30 വരെ പ്രതിദിനം 110-120 സർവിസുകളാണ് നടത്തുന്നത്. കോട്ടയം, കൃഷ്ണപുരം, ചങ്ങനാശ്ശേരി, നെടുമുടി, കൈനകരി ഭാഗങ്ങളിലേക്കും പാതിരാമണൽ, ആർ. ബ്ലോക്ക്, കൈനകരി എന്നിവിടങ്ങളിലേക്ക് സീ കുട്ടനാട് ടൂറിസ്റ്റ് ബോട്ടും വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കി കുട്ടനാടിന്റെ കായൽക്കാഴ്ച ആസ്വദിക്കാൻ കഴിയുന്ന വേഗയും ഉൾപ്പെടെയുള്ള സർവിസുകൾ ഇനി മാതാജെട്ടിയിൽനിന്നാവും പുറപ്പെടുക.
കേരളത്തിലെ ഏറ്റവും വലിയ ബോട്ട് ജെട്ടിയും സ്റ്റേഷനും താൽക്കാലിക ജെട്ടിയിലേക്ക് മാറ്റുമ്പോൾ യാത്രക്കാർക്കും ജീവനക്കാർക്കും ആശങ്കയുണ്ട്. സ്റ്റേഷനിലെ നൂറോളം ജീവനക്കാരെ കൂടാതെ ഇതരസ്റ്റേഷനുകളിൽനിന്ന് വരുന്നവരും യാത്രക്കാരും പ്രാഥമിക ആവശ്യങ്ങളും വിശ്രമം, ഭക്ഷണം, ബോട്ടുകളുടെയും ഓഫിസിന്റെയും സുരക്ഷ എന്നിവ പരിമിതമായ സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ ജെട്ടിയിൽ ലഭിക്കില്ലെന്നതാണ് പരിമിതി.
ഫിനിഷിങ് പോയിന്റിൽ ദേശീയ ജലപാത അതോറിറ്റിയുടെ ടെർമിനൽ നിർമിച്ചിട്ട് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഈ കെട്ടിടം താൽക്കാലികമായി വിട്ടുകൊടുത്താൽ ബോട്ട് ജെട്ടിക്കും സ്റ്റേഷൻ ഓഫിസിനും വിപുലമായ സൗകര്യം ലഭിക്കും. മൊബിലിറ്റി ഹബ്ബിന്റെ നിർമാണം തുടങ്ങുമ്പോൾ കോടതിപ്പാലം വഴിയുള്ള ബസ് ഗതാഗതം പുന്നമട വഴിയാണ് തിരിച്ചുവിടുന്നത്. അപ്പോൾ ബസ് യാത്രക്കാർക്ക് ടെർമിനലിൽ ഇറങ്ങി ബോട്ട് ജെട്ടിയിലേക്ക് പോകാനും എളുപ്പമാകും.
ജലഗതാഗത രംഗത്ത് ആലപ്പുഴയുടെ തലയെടുപ്പായിരുന്നു നഗരഹൃദയത്തിലെ ബോട്ട് ജെട്ടി. 1940ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ജെട്ടിക്ക് പല മാറ്റങ്ങളും വന്നെങ്കിലും കെട്ടിടം അതുപോലെ നിലനിർത്തിയിരുന്നു. അക്കാലത്ത് സ്വകാര്യ കമ്പനികളുടെ കൈയിലായിരുന്നു ജെട്ടി.
ആലപ്പുഴ മാതാജെട്ടിയിലെ ജലഗതാഗതവകുപ്പ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്
സ്വകാര്യ ഏജൻസികൾ ചേർന്ന് രൂപവത്കരിച്ച ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് ആദ്യമായി ആലപ്പുഴയിൽനിന്ന് ബോട്ട് സർവിസ് നടത്തുന്നത്. അന്ന് ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്കും എറണാകുളത്തേക്കും കൊല്ലത്തേക്കും പാർസൽ സർവിസുകളുണ്ടായിരുന്നു. 1968ൽ കോർപറേഷനെ സർക്കാർ ഏറ്റെടുത്ത് ഉൾനാടൻ ജലഗതാഗതത്തിന് തുടക്കമിട്ടു. ജലഗതാഗത വകുപ്പിന്റെ കെട്ടിടം ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത് ആലപ്പുഴ ജെട്ടിയോട് ചേർന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.