ചാരുംമൂട്: ജങ്ഷനിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ. തുടർച്ചയായി മാലിന്യം തള്ളുന്നതിന് പരിഹാരം കണ്ടെത്താൻ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വിളിച്ചുചേർത്ത ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മാലിന്യം കുന്നുകൂടുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും മാലിന്യം നീക്കാൻ നൂറനാട്, താമരക്കുളം, ചുനക്കര പഞ്ചായത്തുകൾ സംയുക്തമായി നടപടി സ്വീകരിക്കാനും എം.എൽ.എ നിർദേശിച്ചു. നിലവിലെ മാലിന്യം അടിയന്തരമായി നീക്കി അവിടെ ചെടികൾ വെച്ചുപിടിപ്പിക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്തി കേസെടുക്കാനും തുടർനടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഏഴുതവണ ഇവിടത്തെ മാലിന്യം നീക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സനും നൂറനാട്, താമരക്കുളം, ചുനക്കര പഞ്ചായത്ത് പ്രസിഡന്റുമാർ കോചെയർമാൻമാരും പഞ്ചായത്ത് അസി. ഡയറക്ടർ കൺവീനറുമായി നിരീക്ഷണസമിതി രൂപവത്കരിക്കും. നീരീക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിച്ച് ജോയന്റ് ഡയക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വൈസ് പ്രസിഡന്റ് സിനു ഖാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. വേണു, സ്വപ്ന സുരേഷ്, കെ.ആർ. അനിൽകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ എസ്. ശ്രീകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ഇന്റേണൽ വിജിലൻസ് ഓഫിസർ കെ.കെ. രാജൻ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ബി. ശ്രീബാഷ്, നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റർ കെ.എസ്. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.