ആലപ്പുഴ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുട്ടനാട് നീലംപേരൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബിയെയാണ് (26) പിടികൂടിയത്.
എക്സൈസ് ഇന്റലിജൻസും കുട്ടനാട് റേഞ്ച് പാർട്ടിയും ചേർന്ന് രാത്രി നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ 18.053 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. വിൽപന നടത്തിയ 3000 രൂപയും പിടിച്ചെടുത്തു.
ബംഗളൂരുർ, എറണാകുളം എന്നിവിടങ്ങളിൽനിന്ന് വാങ്ങുന്ന മയക്കുമരുന്ന് 0.5 ഗ്രാം വീതമാക്കി 1500 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചെറിയ പുസ്തകത്തിൽ എം.ഡി.എം.എ വാങ്ങിയവരുടെയും പണം നൽകാനുള്ളവരുടെയും വിവരവും എഴുതി സൂക്ഷിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം.
കാവാലം, നീലംപേരൂർ, ഈര ഭാഗങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യാപകമാകുന്നുവെന്ന രഹസ്യവിവരത്തിൽ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടനാട് മേഖലയിൽനിന്ന് എക്സൈസ് പിടികൂടിയ ഏറ്റവും വലിയ രാസലഹരി കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.