പെഡൽ ബോട്ടിങ് സംവിധാനം ഏർപ്പെടുത്തും ആലപ്പുഴ: പൈതൃകപദ്ധതിയിൽപെടുത്തി കിഫ്ബിയിൽനിന്ന് അനുവദിച്ച 35 കോടി ഉപയോഗിച്ച് നഗരത്തിലെ 54 ചെറുകനാലുകളുടെ നവീകരണത്തിന് കരാർ. കമേഴ്സ്യൽ കനാൽ, ഉപ്പൂറ്റി കനാൽ, എ.എസ് കനാൽ എന്നിവയുമായി ബന്ധപ്പെട്ട ചെറുകനാലുകൾ ബന്ധിപ്പിച്ച് നീരൊഴുക്ക് വർധിപ്പിക്കുകയാണ് ലക്ഷ്യം. എ.എസ് കനാലിൽ മട്ടാഞ്ചേരി പാലം മുതൽ വടക്കോട്ട് നവീകരണ ജോലികൾ നടക്കും. ആറ് പൈതൃക മ്യൂസിയങ്ങളുടെയും കനാലുകളുടെയും കനാൽകരകളുടെയും സൗന്ദര്യവത്കരണവും വീണ്ടെടുപ്പും പൂർത്തിയാകുമ്പോൾ കനാലുകളിൽ പെഡൽ ബോട്ടിങ് സംവിധാനം ഏർപ്പെടുത്തും. എ.എസ്. കനാലിലെ പോപ്പി പാലം പൊളിച്ചുപണിയും. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്നവിധത്തിലാവും നിർമാണം. എ.എസ് കനാലിന്‍റെ വശങ്ങൾ പുനർനിർമിക്കും. റാണി, ഷഡാമണി, കാപ്പിത്തോട് നവീകരണവും ആരംഭിക്കും. ഇതിനൊപ്പം കനാലിലും കരകളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് നഗരസഭ ആരോഗ്യ വിഭാഗം, നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കും. ദ്രവമാലിന്യ സംസ്കരണത്തിനും സംവിധാനങ്ങൾ ഒരുക്കും. പ്രദേശത്തെ ജനങ്ങളുടെകൂടി സഹകരണം ഉറപ്പാക്കി ജനകീയ ശുചിത്വ കാമ്പയിൻ നടത്തും. കാൻ ആലപ്പിയുടെ പിന്തുണയുമുണ്ടാകും. പദ്ധതി നടത്തിപ്പുമായി നഗരസഭയിൽ ചേർന്ന യോഗത്തിൽ നഗരസഭ അധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സെക്രട്ടറി നീതുലാൽ, ഉദ്യോഗസ്ഥരായ സിക്സ്റ്റസ് പ്രിൻസ്, ഗീരീഷ് അനന്തൻ, അമൃത് അർബൻ പ്ലാനർ വി.ആർ. ജയശ്രീ, മുഹമ്മദ്കുഞ്ഞ് ആശാൻ, കെ.വി. ബൈജു, വി.എൽ. ഹിന്ദുജ, ദൃശ്യ വിശ്വൻ, എം.ജി. ഗീതു, പി. പ്രതിഭ, നിഹിത ജെയിംസ്, നിഖില നെൽസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.