ലൈഫ് ഭവന പദ്ധതി: കരട് പട്ടികയില്‍ 37,735 കുടുംബങ്ങൾ

ആലപ്പുഴ: ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിച്ചു. ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 27,823 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതരായ 9912 കുടുംബങ്ങളും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫീല്‍ഡുതല പരിശോധനയില്‍ കണ്ടെത്തിയ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികകള്‍ പ്രത്യേകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്​ സംബന്ധിച്ച അപ്പീലുകള്‍ സ്വീകരിക്കുന്നതിന് രണ്ടുതലങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പാലിറ്റികളിലേത്​ നഗരസഭ സെക്രട്ടറിമാര്‍ക്കും ഈമാസം 17വരെ അപ്പീല്‍ സമര്‍പ്പിക്കാം. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. അപ്പീലുകള്‍ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഹെല്‍പ്​ ഡെസ്കുകള്‍ ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപ്പീല്‍ സമര്‍പ്പിക്കാം. അര്‍ഹത ഉറപ്പുവരുത്താനും മുന്‍ഗണനയില്‍ മാറ്റം വരുത്താനും ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിലേക്കും മറിച്ചും മാറുന്നതിനും അപ്​ലോഡ് ചെയ്ത രേഖകളിൽ മാറ്റം വരുത്താനും അപ്പീല്‍ സമര്‍പ്പിക്കാം. അര്‍ഹതയുള്ളവരുടെ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി ആക്ഷേപം ഉള്ളവർക്ക് ഹെൽപ്​ ഡെസ്‌ക്​ മുഖേന പരാതി നല്‍കാം. ആദ്യതല അപ്പീലിന്​ ശേഷമുള്ള കരടുപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിൻമേലുള്ള അപ്പീല്‍ ജൂലൈ ഒന്നിനുശേഷം കലക്ടര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. കലക്ടര്‍ അധ്യക്ഷനും ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ഇത്തരം അപ്പീലുകള്‍ പരിശോധിക്കുക. രണ്ടുതലത്തിലും അപ്പീലുകള്‍ പരിഗണിച്ച ശേഷം ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പട്ടിക പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കും. ഗ്രാമസഭകളുടെയും വാര്‍ഡ് സഭകളുടെയും അംഗീകാരത്തിനുശേഷം ആഗസ്റ്റ്​ 10നകം പട്ടികക്ക്​ ഭരണസമിതി അംഗീകാരം നല്‍കി ആഗസ്റ്റ്​ 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പി.എം.ജി.കെ.എ.വൈ അരി വിതരണം ആലപ്പുഴ: പി.എം.ജി.കെ.എ.വൈ പദ്ധതിയില്‍ മേയിൽ ഗോതമ്പിന് പകരം അനുവദിച്ച ഒരു കിലോ അരി ജൂണിലെ അഞ്ചുകിലോ അരിയോടൊപ്പം റേഷന്‍കടകളില്‍നിന്ന് നൽകും. ഗോതമ്പ് ലഭിക്കാതിരുന്ന ഉപഭോക്താക്കൾക്കുള്ള ഒരു കിലോ അരി ഈമാസം 20നകം കൈപ്പറ്റണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.