-തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 5.26 ലക്ഷം പേർ ആലപ്പുഴ: തൊഴിൽദിനങ്ങൾ കുറയുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്ന ജില്ലയിലെ ആയിരക്കണക്കിന് പേർ ആശങ്കയിൽ. തൊഴിൽദിനങ്ങൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിന് പുറമെ ഒരേസമയം ചെയ്യാവുന്ന ജോലികളുടെ എണ്ണവും ക്ലിപ്തപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 96.5 ലക്ഷം തൊഴിൽദിനം ജില്ലക്ക് അനുവദിച്ചിരുന്നു. ഈ വർഷം അത് 59.53 ലക്ഷമായി കുറച്ചു. 36.97 ലക്ഷം തൊഴിൽദിനങ്ങൾ കുറവ്. കഴിഞ്ഞവർഷം കൂടുതൽ തൊഴിൽദിനങ്ങളുണ്ടായിട്ടും ഒരു തൊഴിലാളി കുടുംബത്തിന് ശരാശരി 71.48 തൊഴിൽദിനം മാത്രമാണ് ലഭിച്ചത്. തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചതോടെ ഇത് പകുതിയായി കുറയും. ഒരുപഞ്ചായത്തിൽ ഒരേസമയം 20 ജോലികൾ ഏറ്റെടുത്താൽ മതിയെന്നാണ് കേന്ദ്രനിർദേശം. ഇത് നിലവിൽ വരുന്നതോടെ മുഴുവൻ വാർഡിലും പണിനടക്കാത്ത സ്ഥിതിയാകും. കയർ മേഖല പ്രതിസന്ധിയിലായപ്പോഴും കോവിഡിൽ ജോലി നഷ്ടമായപ്പോഴും ആയിരക്കണക്കിനാളുകൾക്ക് തൊഴിലുറപ്പ് പദ്ധതി ആശ്രയമായിരുന്നു. ഓരോ കുടുംബത്തിനും വർഷത്തിൽ 100 തൊഴിൽദിനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നിരിക്കെ കഴിഞ്ഞ വർഷം 44,399 കുടുംബങ്ങൾക്കാണ് 100 ദിവസം തൊഴിൽ നൽകാനായത്. ഇത്തവണ ഇതുവരെ 27 കുടുംബങ്ങൾക്ക് മാത്രമാണ് 100 തൊഴിൽദിനം ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ 3.05 ലക്ഷം കുടുംബങ്ങളിലായി 5.26 ലക്ഷം പേരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1.36 ലക്ഷം കുടുംബങ്ങളിലെ ഒന്നര ലക്ഷംപേർ തൊഴിൽ ആവശ്യപ്പെട്ടു. ഇവരിൽ 1.25 ലക്ഷം കുടുംബങ്ങൾക്കുമാത്രമാണ് ഏതാനും ദിവസമെങ്കിലും തൊഴിൽ ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന പ്രായമായവർക്കാണ് തൊഴിൽദിനം കുറച്ചത് തിരിച്ചടിയാകുന്നത്. 60നും 80നും ഇടയിൽ പ്രായമുള്ള 34,000 പേരാണ് ജില്ലയിൽ തൊഴിലുറപ്പിൽ ജോലി ചെയ്യുന്നത്. ഇതിൽ 80ന് മുകളിൽ പ്രായമുള്ളവർ ആയിരത്തോളമുണ്ടാകും. ജീവിക്കാൻ മറ്റു മാർഗമില്ലാത്തവരാണ് ആരോഗ്യസ്ഥിതി മോശമായിട്ടും പണിയെടുക്കാനെത്തുന്നത്. ഒപ്പമുള്ള ആരോഗ്യമുള്ള തൊഴിലാളികൾ സഹായിച്ച് ഇവരുടെ പോരായ്മ നികത്തുകയായിരുന്നു പതിവ്. എന്നാൽ, തൊഴിൽദിനം കുറച്ചതോടെ ഇവരുടെ ജോലിസാധ്യതയാണ് ആദ്യം ഇല്ലാതാകുകയെന്നാണ് ആശങ്ക. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കേന്ദ്രം കൊണ്ടുവന്ന നിർദേശങ്ങളിൽ തട്ടി ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം ഏതാണ്ട് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.