* മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു * പ്രതിരോധ നടപടികള്‍ ശക്തമാക്കും * കൂടുതല്‍ പരിചരണ കേന്ദ്രങ്ങള്‍ ഒരുക്കും ആലപ്പുഴ: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത സംവിധാനം ശക്തമാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചില്ലെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന് യോഗം വിലയിരുത്തി. രോഗപ്രതിരോധ നിരീക്ഷണ സംവിധാനം ഊർജിതമാക്കാനും കോവിഡ് ബാധിതര്‍ക്കായി പരമാവധി പരിചരണ കേന്ദ്രങ്ങള്‍ ഒരുക്കാനും ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാനും കൃഷി മന്ത്രി പി. പ്രസാദും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതുകൊണ്ട് മുന്‍കരുതല്‍ വേണ്ടതില്ലെന്ന സമീപനം അപകടകരമാണ്. തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ പ്രതിരോധ സമിതികള്‍ രൂപവത്കരിച്ച് ബോധവത്കരണം നടത്തണം. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികളെയും ആശ പ്രവര്‍ത്തകരെയും സമിതിയില്‍ ഉള്‍പ്പെടുത്തണം-മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് നിരീക്ഷണ സംവിധാനം ശക്തമാക്കണം. വ്യാപാര സ്ഥാപനങ്ങളിലും വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് ഇടപെടണം. നേരത്തേ പ്രവര്‍ത്തിച്ചിരുന്ന സി.എഫ്.എല്‍.ടി.സികള്‍ പോലുള്ള പരിചരണ കേന്ദ്രങ്ങള്‍ ഏതു സമയത്തും തുറക്കാവുന്ന രീതിയില്‍ സജ്ജമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ സേവനം മുടങ്ങാതിരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ ആവശ്യത്തിന് ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പ്രസാദ് നിര്‍ദേശിച്ചു. വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ എം.എല്‍.എമാരായ രമേശ് ചെന്നിത്തല, യു. പ്രതിഭ, ദലീമ ജോജോ, ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍, സബ് കലക്ടര്‍ സൂരജ് ഷാജി, ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ്, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ 1339 പേര്‍ക്ക് കൂടി കോവിഡ് ആലപ്പുഴ: ജില്ലയില്‍ 1339 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.14 ശതമാനമാണ്. ഇന്നലെ ഇത് 30.41 ആയിരുന്നു. ഇന്നലെ 1186 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 196 പേര്‍ രോഗമുക്തരായി. നിലവില്‍ 5915 പേര്‍ ചികിത്സയില്‍ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.