കെ-റെയിൽ: എതിർപ്പ്​ മറികടന്ന്​ സ്ഥാപിച്ച 2500 കുറ്റി പിഴുതുമാറ്റും -കൊടിക്കുന്നിൽ

'ജനസമക്ഷം' പരിപാടി രാഷ്ട്രീയതട്ടിപ്പ്​ ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന കെ-റെയിൽ പദ്ധതി വിശദീകരണ പരിപാടി 'ജനസമക്ഷം' രാഷ്ട്രീയ തട്ടിപ്പാണെന്ന്​ ​കൊടിക്കുന്നിൽ സുരേഷ്​ എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോടതി വിധിപോലും അംഗീകരിക്കാതെ ജനങ്ങളെ വെല്ലുവിളിച്ചാണ്​ എല്ലാ ജില്ലയിലും പരിപാടി നടത്തുന്നത്​. പിണറായി സർക്കാറിന് കോടികൾ ഉണ്ടാക്കാൻ നിയോഗിച്ച ബിനാമിയാണ് കെ-റെയിൽ എം.ഡി. വിദഗ്​ധരും പരിസ്ഥിതിപ്രവർത്തകരും എതിർത്തിട്ടും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയാണ്. കോവിഡ് മൂന്നാം തരംഗത്തിലും മുഖ്യമന്ത്രിക്ക് ചിന്ത ഇതിനെക്കുറിച്ച് മാത്രമാണ്. കോവിഡിനെ പ്രതിരോധിക്കാൻ ജില്ലതല യോഗംപോലും വിളിക്കാത്തവരാണ് കെ-റെയിൽ പദ്ധതിക്ക്​ മന്ത്രിമാരെ സംഘടിപ്പിച്ച് ഇത്തരം സമ്മേളനങ്ങൾ നടത്തുന്നത്. ആറന്മുള വിമാനത്താവളം വന്നിരുന്നെങ്കിൽ മധ്യതിരുവിതാംകൂറിന് വികസനസാധ്യതകൾ തുറക്കുമായിരുന്നു. അന്ന് സമരം ചെയ്ത മന്ത്രി പി. പ്രസാദ് അടക്കമുള്ളവരാണ്​ ​ഇപ്പോൾ കെ-റെയിലിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത്​. എതിർപ്പ്​ മറികടന്ന്​ സ്ഥാപിച്ച 2500 കുറ്റി പിഴുതുമാറ്റും. പ്രചാരണത്തിന്​ ഇറക്കുന്ന ലഘുരേഖകൾ കത്തിച്ച്​ പ്രതിഷേധിക്കും. കാർഷികനിയമങ്ങൾ പിൻവലിച്ച മോദിയെപോലെ പിണറായിക്ക് പദ്ധതി പിൻവലിക്കേണ്ടി വരുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.