12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി അമ്പലപ്പുഴ: വണ്ടാനം പടിഞ്ഞാറ് മാധവമുക്കിന് സമീപം സ്വകാര്യ ചടങ്ങിനെത്തിയ രണ്ട് യുവാക്കൾ ബഹളം വെക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീപ്പ് തടയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 24 പേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസിനും യുവാക്കൾക്കൊപ്പം നിലയുറപ്പിച്ച നാട്ടുകാർക്കും പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി 10ഓടെ വണ്ടാനം മാധവമുക്കിന് പടിഞ്ഞാറ് കുരിശടിക്ക് സമീപമായിരുന്നു സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്ന യുവാക്കളെ തേടി എത്തിയതായിരുന്നു പുന്നപ്ര സ്റ്റേഷനിലെ സി.ഐ പ്രതാപചന്ദ്രനും സംഘവും. കുരിശടിക്ക് സമീപം നിന്ന അരുൺ എന്ന യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റുന്നതുകണ്ട് സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ജീപ്പ് തടയുകയായിരുന്നു. പൊലീസുമായി ഉണ്ടായ വാക്കേറ്റത്തിനിടെ പ്രതിഷേധിച്ചവരുടെ കല്ലേറിൽ ജീപ്പിന്‍റെ ചില്ലുകൾ പൊട്ടി. ഇതിൽ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വണ്ടാനം സ്വദേശികളായ അരുൺ (33), പ്രവീൺ (23), ഹാഷ് ലാൽ (23), പ്രതീഷ് (32), ബാഹുലേയൻ (52), പ്രണവ് (22), മിഥുൻ (24), മിഥുൻലാൽ (25), ജിബിൻ (25), അനിൽ ബാബു (27), തിലകൻ (57), ഗണേശൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. സംഘർഷം അറിഞ്ഞ് അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഡിവൈ.എസ്.പി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ ജീപ്പിനുനേരെയും കല്ലേറുണ്ടാകുകയും ചില്ലുകൾ പൊട്ടുകയും ചെയ്തു. കല്ലേറിൽ ഹോം ഗാർഡിനും പ്രദേശവാസിയായ രോഹിണി എന്ന വീട്ടമ്മക്കും പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് 12ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ, ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സംഘടിച്ച് രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയിരുന്നു. പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാർക്കുനേരെ ആക്രമണം നടത്തിയ കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ, റോഡരികിൽനിന്ന യുവാക്കളെ പൊലീസ് അകാരണമായി മർദിച്ചതിനാലാണ് ജീപ്പ് തടഞ്ഞതെന്നും മുമ്പും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരം അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. വിവാഹവീട്ടിലെത്തിയ യുവാവിന് വെട്ടേറ്റു ആലപ്പുഴ: ബന്ധുവിന്‍റെ വീട്ടിൽ വിവാഹത്തിനെത്തിയ യുവാവിന് വെട്ടേറ്റു. തലക്ക് മുറിവേറ്റ കഞ്ഞിക്കുഴി കളത്തിൽവീട്ടിൽ നന്ദുവിനെ (18) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിന് പൂങ്കാവിലാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തിന് എത്തിയപ്പോഴുണ്ടായ തർക്കത്തിൽ നന്ദുവിനെ മൂന്ന് യുവാക്കൾ ചേർന്ന് പുറത്തേക്ക് ഇറക്കിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ മൂർച്ചയേറിയ നീളമുള്ള ആയുധം കൊണ്ട് നന്ദുവിനെ വെട്ടുകയായിരുന്നെന്ന് നോർത്ത് പൊലീസ് പറഞ്ഞു. തലയുടെ ഇടതുഭാഗത്താണ് മുറിവേറ്റത്. കണ്ടാലറിയാവുന്ന പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ മോഷണ ശ്രമം മുഹമ്മ: വീട്ടിൽ മോഷണ ശ്രമം. കാട്ടിപ്പറമ്പിൽ സിബിച്ചന്‍റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ച മൂന്നോടെ മോഷണശ്രമം ഉണ്ടായത്. ജനൽ അനങ്ങുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ ടോർച്ച് വെളിച്ചമാണ് കണ്ടത്. സിബിച്ചൻ ഉടൻ അയൽവാസികളായ സഹോദരൻ കുര്യനെയും മറ്റുള്ളവരെയും ഫോണിൽ വിവരമറിയിച്ചു. വീടുകളിലെല്ലാം ലൈറ്റിടുകയും എല്ലാവരും ചേർന്ന് തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് മുഹമ്മ പൊലീസും സ്ഥലത്തെത്തി. കുറുവസംഘത്തിന്‍റെ ശൈലിയിൽ മോഷണം നടത്തിയവരെ കഴിഞ്ഞ ദിവസം കുറ്റുവേലിയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.