കുട്ടനാട്: ഒരു ലോക അർബുദദിനം കൂടി കടന്ന് പോകുമ്പോൾ തലവടി പഞ്ചായത്ത് ഒൻപതാം വാർഡിൽ പാക്കള്ളിപറമ്പിൽ ശ്രീധരൻ (67) മുറിച്ച് മാറ്റിയ വൻകുടലുമായി അതിജീവനത്തിന്റെ 23 വർഷം പിന്നിടുന്നു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ശ്രീധരൻ. 44-ാം വയസ്സിൽ മലത്തിലൂടെ രക്തം പോകുന്നതുകണ്ട് ചികിത്സ തേടിയപ്പോഴാണ് വൻകുടലിൽ അർബുദം ബാധിച്ചതായി അറിയുന്നത്. ആദ്യമൊന്ന് പതറിയെങ്കിലും മനധൈര്യം കൈവിടാതെ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സതേടി. കുടൽ മാറ്റൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും മലവിസർജനത്തിനായി വയർ തുളച്ച് ട്യൂബ് ഇടേണ്ടിവന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ട്യൂബിലൂടെയാണ് ശ്രീധരൻ മലവിസർജനം നടത്തുന്നത്. രണ്ട് പെൺകുട്ടികളുടെ പിതാവായ ശ്രീധരൻ രോഗത്തെ അതിജീവിച്ച് ഭാര്യക്കൊപ്പം തൊഴിലുറപ്പ് തൊഴിലിന് ഇറങ്ങി തുടങ്ങി. മിച്ചം പിടിച്ച് രണ്ട് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു. ഇതിനിടയിൽ വീട് നിർമിച്ചു. രോഗത്തെ അവഗണിച്ച് കുടുംബം പോറ്റാനുള്ള നിശ്ചയദാർഢ്യമാണ് ശ്രീധരനെ ഇപ്പോഴും ജീവിപ്പിക്കുന്നത്. ഇതേ വാർഡിൽ പുത്തൻപറമ്പിൽ രാജപ്പനും (70) അർബുദ ബാധിതനാണ്. കൂലിപ്പണിക്കാരനായ രാജപ്പന്റെ മരുന്നിന് തന്നെ നല്ലൊരു ചെലവ് വേണ്ടി വരും. കൂനിന്മേൽ കുരുപോലെ കഴിഞ്ഞ പ്രളയത്തിൽ രാജപ്പന്റെ വീട് പൂർണമായി തകർന്നിരുന്നു. പുതിയ വീടിനായി ലൈഫ് മിഷനിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം. മരിക്കും മുമ്പ് അടച്ചുറപ്പുള്ള വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന് പ്രാർഥനയിലാണ് കർഷക തൊഴിലാളിയായ രാജപ്പൻ. ലോക കാൻസർ ദിനത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ശ്രീധരനെയും രാജപ്പനെയും സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ജോളി, ബ്ലോക്ക് അംഗം അജിത്ത് കുമാർ പിഷാരത്ത്, വാർഡ് അംഗം സുജ സ്റ്റീഫൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധു, പാലിയേറ്റീവ് നഴ്സ് ഗീത വി. നായർ എന്നിവരാണ് വീടുകൾ സന്ദർശിച്ചത്. -------- ഫോട്ടോ: apl cancer kuttanad അർബുദ ബാധിതനായി 23 വർഷം പിന്നിട്ട ശ്രീധരനെ ജനപ്രതിനിധികളും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.