ആലപ്പുഴ ബൈപാസ്​ അപകടരഹിതമാക്കും; ആദ്യഘട്ടക്രമീകരണം 15ന്​ മുമ്പ്​

ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ അമിതവേഗവും അപകടവും ഒഴിവാക്കുന്നതിന്​ ആദ്യഘട്ട ക്രമീകരണം ഈമാസം 15ന്​ മുമ്പ്​ പൂർത്തിയാക്കും. ബൈപാസിൽ അമിതവേഗം നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന്​ ജില്ല റോഡ്​ സേഫ്​റ്റി അധ്യക്ഷൻകൂടിയായ ജില്ലകലക്​ടർ എ. അലക്​സാണ്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ നിർദേശം നൽകി. പാതയിൽ സുരക്ഷ ഒരുക്കുന്നതി​​ന്‍റെ ഭാഗമായി ആവശ്യമായ ക്രമീകരണമൊരുക്കാൻ ദേശീയപാത-പൊതുമരാമത്ത്​ റോഡ്‌ വിഭാഗം, നഗരസഭ എന്നിവർക്കാണ്‌ നിർദേശം നൽകിയത്​. വിവിധയിടങ്ങളിൽ മാർക്കിങ്‌സ്​, ഹമ്പുകൾ, മഞ്ഞവരകൾ എന്നിവ ഉടൻ സ്‌ഥാപിക്കും. അപകടം പതിയിരിക്കുന്ന കൊമ്മാടി, കളർകോട്​ സിഗ്​നൽ ജങ്​ഷനുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനൊപ്പം രണ്ടിട​ത്തെയും ബസ്​ സ്​റ്റോപ്പുകൾ മാറ്റും. സൈഡ് റോഡിൽനിന്ന് ഹൈവേയിലേക്ക് കയറുന്ന ഭാഗത്ത് സ്പീഡ് ബ്രേക്കർ സജ്ജമാക്കും. കളർകോട്​ നിന്നും ആലപ്പുഴ ടൗണിലേക്കുള്ള റോഡിൽ 'യു ടേൺ' നിർത്തലാക്കും. നിരീക്ഷണകാമറകൾ​ക്കൊപ്പം വളവുകളിലും ഡിവൈഡറുകളിലും ആവശ്യമായ സിഗ്​നൽ ലൈറ്റുകൾ സ്ഥാപിക്കും. അപകടക്കെണിയായി മാറിയ ബൈപാസിൽ സുരക്ഷയൊരുക്കാൻ മന്ത്രി മുഹമ്മദ്​ റിയാസ്​ ഉന്നതതല യോഗം വിളിച്ചുചേർത്ത്​ സുപ്രധാന തീരുമാനമെടുത്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ നടപടി ആരംഭിച്ചത്​. ബൈപാസ്​ തുറന്നിട്ട്​ ഒരുവർഷം പിന്നിടു​മ്പോൾ ഒമ്പതുജീവനുകളാണ്​ പൊലിഞ്ഞത്​. വലുതും ചെറുതുമായ 40ൽഅധികം അപകടങ്ങളിൽ അമ്പതിലേറെപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഏറ്റവുമൊടുവിൽ പിതൃസഹോദരനൊപ്പം സ്​കൂട്ടറിൽ ട്യൂഷൻ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങിയ 11വയസ്സുകാരി ദയയുടെ ജീവനെടുത്തതാണ്​ ഏറ്റവും ഒടുവിൽ നടന്ന വാഹനാപകടം. ബൈപാസ്​ തുറന്നനാൾ മുതൽ അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന നിരന്തര ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇടറോഡുകളിൽനിന്നും ബൈപാസിലേക്ക് കയറുന്ന ഭാഗങ്ങളിൽ ഇപ്പോഴും സുരക്ഷസംവിധാനങ്ങളില്ല. ട്രാഫിക് സംവിധാനത്തിലെ പോരായ്മ കൊമ്മാടി, കളർകോട് ജങ്​ഷനുകളിൽ പ്രകടമാണ്​. ഈ സിഗ്​നൽ ജങ്​ഷനുകളടക്കമുള്ളവയുടെ നവീകരണവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്​. ചിത്രമുണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.