തോട്ടപ്പള്ളിയിൽ വിരിയിച്ച 132 കടലാമക്കുഞ്ഞുങ്ങൾ കടലിലേക്ക്​

അമ്പലപ്പുഴ: വംശനാശം നേരിടുന്ന കടലാമകളെ നിലനിർത്തുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് തോട്ടപ്പള്ളിയിലെ ഗ്രീൻ റൂട്സ് നേച്ചർ കൺസർവേഷൻ ഫോറം പ്രവർത്തകർ. കടൽത്തീരത്തുനിന്ന്​ ശേഖരിച്ച്​ സംരക്ഷിച്ച 136 മുട്ടകളിൽ 132 എണ്ണവും വിരിഞ്ഞു. നാട്ടുകാരുടെ സഹകരണത്തോടെ ഇവയെ കടലിൽ വിട്ടു. മുട്ടകൾ കണ്ടെത്താൻ സഹായിച്ച സജിത്താണ്​ ആദ്യ കുഞ്ഞിനെ കടലിലേക്ക്​ യാത്രയാക്കിയത്​. പല്ലന മുതൽ തോട്ടപ്പള്ളിവരെ ഭാഗത്തെ തീരത്ത്​ കടലാമകൾ മുട്ടയിടുന്ന വിവരം പരിസ്ഥിതി പ്രവർത്തകർ മനസ്സിലാക്കിയത് 2014ലാണ്. രാത്രിയാണ് ഒലിവ് റെഡ്‌ലി വിഭാഗത്തിലെ കടലാമകൾ കടൽത്തീരത്തെ ശാന്തമായ ഭാഗത്തെത്തി മുട്ടയിടുക. തിരികെ കടലിലേക്കു പോകും. ഒരു ആമ 100 മുതൽ 150വരെ മുട്ടയിടാറുണ്ട്. രാത്രി തന്നെ മുട്ടകൾ ഗ്രീൻ റൂട്സ് പ്രവർത്തകർ ശേഖരിക്കും. പ്രത്യേകം കൂട്​ തയാറാക്കിയാണ് 40 മുതൽ 60 ദിവസം വരെ മുട്ടകൾ സൂക്ഷിക്കുക. മുട്ടവിരിഞ്ഞു പുറത്തുവരുന്ന ആമക്കുഞ്ഞുങ്ങളെ നാട്ടുകാരുടെ സാന്നിധ്യത്തിലാണ് കടലിലേക്ക് അയക്കുക. കടലിന്റെ അടിത്തട്ടിലെ പവിഴപ്പുറ്റുകളെ നിലനിർത്തുന്നത് ഇത്തരം കടലാമകളാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആഗസ്റ്റ്​ മുതൽ മാർച്ച് വരെയാണ് തീരത്തു കടലാമകൾ മുട്ടയിടാനെത്തുന്നത്. ഗ്രീൻ റൂട്സ് നേച്ചർ കൺസർവേഷൻ ഫോറം പ്രസിഡന്‍റ്​ എം.ആർ. ഓമനക്കുട്ടൻ, സെക്രട്ടറി സജി ജയമോഹൻ, സുമേഷ് സുഗതൻ, അഖിൽ‍ദാസൻ, ബിപിൻ സുരേന്ദ്രൻ, എസ്. വിപിൻ എന്നിവരടങ്ങുന്ന പരിസ്ഥിതി പ്രവർത്തകരാണ് കടലാമ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇവർക്കുവേണ്ട നിർദേശം നൽകാൻ ആലപ്പുഴയിലെ സാമൂഹിക വനവത്​കരണ വിഭാഗം ജീവനക്കാരും സജീവം. ഗ്രീൻ റൂട്സ് നേച്ചർ കൺസർവേഷൻ ഫോറം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒമ്പതാം വർഷമാണിത്. മുൻകാലങ്ങളിൽ 70 മുതൽ 80 മുട്ടകളെ വിരിഞ്ഞിട്ടുള്ളൂ. ഇക്കുറി ഇത്​ 98 ശതമാനവും വിരിഞ്ഞു. തോട്ടപ്പള്ളിയിൽ നടക്കുന്ന അനിയന്ത്രിത മണൽ ഖനനം മൂലം തോട്ടപ്പള്ളി മുതൽ പല്ലനവരെയുള്ള 1.78 കിലോമീറ്റർ തീരം വളരെ വീതികുറഞ്ഞുചുരുങ്ങി. ഒപ്പം അസ്വസ്ഥമായ തോട്ടപ്പള്ളി തീരം കടലാമകൾ ഒഴിവാക്കി പല്ലനയിലെ 100 മീറ്ററിന് അകത്തുവരുന്ന തീരത്തു മാത്രമാണ് മുട്ടയിടാൻ തെരഞ്ഞെടുക്കുന്നത്​. സീസൺ അവസാനിക്കാൻ ഇനിയും രണ്ടു മാസം കൂടിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.