വേനൽമഴയിൽ കർഷകർക്ക്​ കണ്ണീർ; മഴയെടുത്തത്​ 126 കോടി

നെൽകൃഷിക്ക്​ 112 കോടിയും കെ.എസ്​.ഇ.ബിക്ക്​ 14.33 ലക്ഷവും നഷ്ടം ആലപ്പുഴ: അപ്രതീക്ഷിത വേനൽമഴയിൽ ജില്ലയിൽ കാർഷികമേഖലയിൽ​ 126.53 കോടിയുടെ നഷ്​ടം​. 11463.25 ഹെക്ടർ കൃഷിയെയാണ്​ വേനൽ മഴ ബാധിച്ചത്​. ആകെയുണ്ടായിരുന്ന 27,000 ഹെക്ടർ നെൽവയലുകളിൽ 6400 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചു. ഇതിന്​ 112 കോടിയുടെ നഷ്ടം കണക്കാക്കുന്നു. 8467 കര്‍ഷകരെയാണ്​ ബാധിച്ചത്​. മടവീഴ്ചയാണ്​ നെൽകൃഷിക്ക്​​ വിനയായത്​. കൊയ്​തെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 24 പാടശേഖരങ്ങളിലാണ്​ മടവീണത്​. ഇതുവ​രെ 9800 ഹെക്ടറിൽ കൊയ്ത്ത്​ നടന്നു. ഇനി 16,500 ഹെക്ടറിലാണ്​ കൊയ്ത്ത്​ ബാക്കിയുള്ളത്​. വേനൽമഴയുടെ ശക്തികുറഞ്ഞെങ്കിലും പലയിടത്തും പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. വെള്ളക്കെട്ടാണ്​ പ്രധാന പ്രശ്​നം. കൊയ്ത്തുയ​​ന്ത്രം ഉപയോഗിച്ച്​ സാധാരണ ഒന്നരമണിക്കൂറിൽ ഒരേക്കറിലെ നെൽച്ചെടികൾ കൊയ്​തെടുക്കാം. ഇക്കുറി കനത്തകാറ്റിലും മഴയിലും നെൽകൃഷി നിലംപൊത്തിയതിനാൽ കൊയ്​തെടുക്കാൻ രണ്ടരമണിക്കൂറോളം സമയംവേണ്ടിവന്നു. ഇതിന്​ പണച്ചെലവ്​ കൂടുതലാണ്​. മഴഭീഷണിയിൽ പലയിടത്തും നെല്ല്‌ പാടത്തുതന്നെ കൂട്ടിയിട്ടാണ്​ സംഭരിച്ചത്​.​ നെല്ലിന്​ കൂടുതൽ കിഴിവ് ഏജന്‍റുമാർ ആവശ്യപ്പെട്ടത്​ കർഷകരും ഏജന്‍റുമാരും തമ്മിൽ തർക്കത്തിനും വഴിയൊരുക്കി. 17 ശതമാനംവരെ ഈർപ്പമാണ്​ നെല്ലിന് അനുവദനീയം. ഈർപ്പം കൂടുന്നതിന്​ അനുസരിച്ച് ക്വിന്റലിന് 15 കിലോവരെ കിഴിവ് നൽകണം. കിഴിവിന്‍റെ പേരിൽ സംഭരണം തടസ്സപ്പെടാതിരിക്കാൻ നഷ്ടം സഹിച്ചാണ്​ ഇക്കുറി കർഷകർ നെല്ല്​ കൊടുത്തത്​. നെല്ല്​ കഴിഞ്ഞാൽ ഏറ്റവും നഷ്ടമുണ്ടായത്​ വാഴകൃഷിയാണ്​. 2316.83 ഹെക്ടറിലെ കൃഷിയാണ്​ നശിച്ചത്​. 10.97 കോടി നഷ്ടം കണക്കാക്കുന്നു. 165.4 ഹെക്ടറിലെ പച്ചക്കറി വെള്ളത്തിലായപ്പോൾ നഷ്ടം 68.09 ലക്ഷം. 314.51 ഹെക്ടറിലെ തെങ്ങിനെയും മഴ ബാധിച്ചു. നഷ്ടം 16.19 ലക്ഷം. ​മരംവീണ്​ വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും ലൈനുകൾ പൊട്ടിയും കെ.എസ്​.ഇ.ബിക്ക്​ 14.33 ലക്ഷത്തിന്റെ നഷ്​ടമുണ്ട്​. ഒരു ട്രാൻസ്‌ഫോർമറും നശിച്ചു. കുട്ടനാട്‌ ഉൾപ്പെടുന്ന ആലപ്പുഴ സർക്കിളിന്​ പുറമെ ഹരിപ്പാടും നാശമുണ്ടായി. ആളപായവും മരണവും റിപ്പോർട്ട്​ ചെയ്തിട്ടില്ല. മരങ്ങൾ വീണ്​ മൂന്ന്​ വീട്​ പൂർണമായും 103 എണ്ണം ഭാഗികമായും തകർന്നു -67.90 ലക്ഷമാണ്​ നഷ്ടം. ഒമ്പതു പശുക്കൾ, കാലിത്തൊഴുത്ത്​, കോഴിക്കൂട് എന്നിവയടക്കം മൃഗസംരക്ഷണ മേഖലയിൽ 6.77 ലക്ഷം രൂപയുടെ നഷ്ടമുണ്ട്​. ഇന്‍ഷ്വർ ചെയ്ത വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യവും പ്രകൃതിക്ഷോഭ ധനസഹായവും വേഗത്തിലാക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. വേനൽ മഴനാശം വിള, ഹെക്ടർ, നാശം (ലക്ഷത്തിൽ) * നെല്ല്‌ -7527.03-11286.64 * വാഴ -2316.83-1097.13 * പച്ചക്കറി -165.4-68.09 * തെങ്ങ്‌ -314.51-16.19 * വെറ്റില -7.96-19.9 * ജാതി -0.1-0.07 * കിഴങ്ങ്‌ -32.8-14.76 * എള്ള്‌ -87.4-13.1 * റബർ -2.62-6.21 * കപ്പ -1008.6-131.12 APL nellu kuttanad ആലപ്പുഴ കിടങ്ങറ വാഴേപ്പാടത്ത് വേനൽമഴയിലും കാറ്റിലും വീണുടഞ്ഞ നെൽചെടികൾ (ഫയൽചിത്രം) APL padam kuttanad കുട്ടനാട്​ നെല്ലുവേലി പുതുക്കരി പാടശേഖരത്തിൽ വീണുനശിച്ച നെല്ല്​ കർഷകർ കൊയ്​തെടുക്കുന്നു (ഫയൽചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.