കണിത്താലം ഒരുക്കാനുള്ള ഉത്പ്പന്നങ്ങൾ വിൽക്കുന്ന ആലപ്പുഴ മുല്ലക്കൽ തെരുവിലെ കട
ആലപ്പുഴ: കണിയൊരുക്കി കൈനീട്ടം വാങ്ങി പുതുവർഷത്തെ വരവേറ്റ് വിശ്വാസികൾ ബുധനാഴ്ച വിഷു ആഘോഷിക്കും. ശ്രീകൃഷ്ണ പ്രതിമക്ക് മുന്നിൽ വിവിധതരത്തിലെ പഴങ്ങളും ഉണക്കലരി, നാണയം, പുതിയ വസ്ത്രം, സ്വർണ്ണം എന്നിവ അമ്മമാർ പ്രത്യേകം താലത്തിലൊരുക്കി കണിവെക്കും. പുലർച്ചെ കുട്ടികളെയും വിളിച്ചുണർത്തി അമ്മമാർ കുട്ടികളെ കണികാണിക്കും. തുടർന്ന് മുതിർന്നവർ എല്ലാവർക്കും കൈനീട്ടം നൽകിയാണ് വിഷു ദിന ആഘോഷത്തിന് തുടക്കമാകുന്നത്. പുതുവർഷത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകാൻ വേണ്ടിയാണ് കണിയൊരുക്കി കൈനീട്ടം നൽകുന്നതായുള്ള വിശ്വാസം.
വിഷുവിനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് തെളിക്കുന്ന വിളക്കിൽ നിന്നും ദീപം പകർത്തി പടക്കങ്ങൾ പൊട്ടിക്കും. ശബ്ദങ്ങൾ കുറവുള്ളതും വിവിധവർണങ്ങളിലുമുള്ള പടക്കങ്ങളാണ് വിപണിയിൽ സജീവമായത്. ഒരോ വർഷവും വിപണി കൈയടക്കാൻ പുതിയ പടക്കങ്ങളും പൂത്തിരികളും വിപണിയിൽ സജീവമായിരുന്നെങ്കിലും ഇത്തവണ പുതിയവ എത്തിയിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. പാരച്യൂട്ടും പൂവും ചക്രവും ഫ്ലോട്ട് ആന്റ് ഫൗണ്ടനുമാണ് വിൽപനയിൽ മുൻനിരയിലുള്ളത്. വിലയിലും കഴിഞ്ഞ വർഷങ്ങളെക്കാൾ വലിയ വർധനയില്ല. എന്നാൽ പടക്കവിപണിയിൽ പഴയതുപോലെ വലിയ തിരക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഈസ്റ്ററിനും സമാനസ്ഥിതിയായിരുന്നു.
കണികാണാനായി കണിവെള്ളരിയും കണിമത്തയും ചെറിയ ചക്കയും മാങ്ങയും മറ്റ് പഴവർഗങ്ങളും വിപണിയിൽ ഉണ്ടെങ്കിലും പഴയതുപോലെ സജീവമായിട്ടില്ല. കണിവെള്ളരി വിപണിയിൽ കണികാണാനില്ല. കഴിഞ്ഞ വർഷങ്ങളിൽ കഞ്ഞിക്കുഴിയിൽ നിന്നും കണിവെള്ളരി വിപണിയിൽ സുലഭമായെത്തിയെങ്കിലും ഇത്തവണ കറിവെള്ളരിയായിരുന്നു അധികവും. മത്ത, പേരക്ക, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് അധികവും എത്തിയത്. വലിപ്പം അനുസരിച്ചാണ് കണിവെള്ളരിക്കും മത്തനും ചക്കക്കും വില. 30 രൂപ മുതലാണ് വെള്ളരിക്കും മത്തനും ഈടാക്കിയത്. ചക്കക്ക് വില 50ന് മുകളിലാണ്. കണിയൊരുക്കുന്ന മാമ്പഴത്തിനുമുണ്ട് പ്രത്യേകത.
മഞ്ഞ നിറത്തിലുള്ള സപ്പോർട്ട മാങ്ങയാണ് ഇതിനായി വിപണിയിൽ എത്തിയത്. കിലോക്ക് 60 രൂപയായിരുന്നു വില. കൂടാതെ പേരക്കയ്ക്ക് 50ഉം വെള്ളമുന്തിരിക്ക് 60 രൂപയുമായിരുന്നു. ചൈനീസ് പടക്കങ്ങൾ വിപണിയിലെത്തിയപോലെ കണിക്കൊന്ന പൂക്കളും മാർക്കറ്റിൽ ശ്രദ്ധേയമായി. വിഷുവിനെ വരവേൽക്കുന്നതിനായി വീടിനും സ്ഥാപനങ്ങൾക്ക് മുമ്പിലും കണിക്കൊന്നപ്പൂക്കൾ കെട്ടിതൂക്കിയിരുന്നു. കണിക്കൊന്ന ഇല്ലാതായതോടെ പൂക്കളും കിട്ടാതായി. എന്നാൽ ഒറിജിനിലിനെ പോലും വെല്ലുന്ന തരത്തിലുള്ള പ്ലാസ്റ്റിക്കിൽ നിർമിച്ച കണിക്കൊന്നപ്പൂക്കൾ നഗരങ്ങളിൽ സുലഭമാണ്. ഒരു തണ്ടിന് 25 രൂപയാണ് വില. ഇതും തമിഴ്നാട്ടിൽ നിന്നുതന്നെയാണ് ചേക്കേറിയത്.
കണിത്താലം ഒരുക്കുന്നതിനായി പ്രത്യേകം ശ്രീകൃഷ്ണ പ്രതിമകളും വിപണിയിൽ സജീവമായിരുന്നു. ഫൈബർ പ്രതിമകൾക്കാണ് പ്രിയമേറെയും. ശ്രീകൃഷ്ണവിഗ്രഹത്തിന് മുന്നിൽ അഞ്ച് തിരിയിട്ട് തെളിയിച്ച നിലവിളക്കിന് മുമ്പിൽ പിത്തള ഉരുളിയിലാണ് കണിയൊരുക്കുന്നത്. വിവിധതരത്തിലെ പഴങ്ങളും ഉണക്കലരി, നാണയം, പുതിയ വസ്ത്രം, സ്വർണ്ണം എന്നിവക്കൊപ്പം വാൽകണ്ണാടി, മൈൽപ്പീലി, ഞൊറി, ഓടക്കുഴൽ, കണിക്കൊന്ന, കുങ്കുമച്ചെപ്പ് എന്നിവ വെച്ചാണ് അലങ്കരിക്കുന്നത്. മൈൽപ്പീലി വില 15 രൂപ മുതലാണ്. ഞൊറിക്ക് 120 മുതൽ 200 രൂപ വരെയും. ഓടക്കുഴലിന് 30 രൂപയും 25 മുതൽ 50 രൂപവരെ വിലയുള്ള വാൽക്കണ്ണാടിയും വിപണിയിൽ ലഭ്യം. ശ്രീകൃഷ്ണ വിഗ്രഹങ്ങൾക്ക് 180 മുതൽ 1000 രൂപ വരെ വിലയുണ്ട്. കുങ്കുമച്ചെപ്പിന് 50 രൂപവരെ വാങ്ങി. ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം കുടുംബത്തോടൊപ്പം പുത്തൻവസ്ത്രങ്ങളും പടക്കങ്ങൾ വാങ്ങിയും ബന്ധുവീടുകളിൽ പോകുന്ന പതിവും വിഷു ആഘോഷത്തിന്‍റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.