തുറവൂർ താലൂക്ക് ആശുപുത്രിയിലെ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനുപോയ ഫയർഫോഴസ് വാഹനം
കടത്തിവിടാതെ സഞ്ചരിക്കുന്ന കാർ
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിനുപോയ ഫയർഫോഴ്സിന് വഴി നൽകാതിരുന്ന കാറുടമക്കെതിരെ പൊലീസ് കേസെടുത്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്.
വാഹനവും പിടിച്ചെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്.എച്ച്.ഒയുടെ പരാതിയിൽ അപകടകരമായ രീതിയിൽ ഇയാൾ വാഹനം ഓടിച്ചതിനാണ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മരുന്നുകൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപടർന്നത്.
തീകെടുത്താൻ ആലപ്പുഴയിൽനിന്ന് തുറവൂരിലേക്ക് പോയ ഫയർഫോഴ്സിന്റെ വാഹനത്തിനാണ് വഴി തടസ്സമുണ്ടാക്കിയത്. രാവിലെ 10.25ന് ദേശീയപാതയിൽ പൊന്നാംവെളി ഭാഗത്തായിരുന്നു സംഭവം.
കെ.എൽ. 32വി 7934 എന്ന നമ്പർ കാറാണ് മാർഗതടസ്സമുണ്ടാക്കിയത്. ഫയർഫോഴ്സ് വാഹനം കടത്തിവിടാതെ പോകുന്ന കാറിന്റെ വീഡിയോ സോഷ്യൽമീഡിയിൽ വൈറലായിരുന്നു.
ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തിൽ രക്ഷാപ്രവർത്തത്തിന് പോയ ഫയർഫോഴ്സിന്റെ വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ കാറുടമയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസൻസാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആറ് മാസത്തേക്ക് താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് സുജിത്തിനോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബുധനാഴ്ച സുജിത്തും ഭാര്യയും എൻഫോഴ്മെന്റ് ആർ.ടി.ഒ. ഓഫിസിലെത്തി. സുജിത്തിന് എഴുതി തയാറാക്കിയ കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസിന് മറുപടിയും സുജിത്ത് എഴുതി നൽകി.
സംഭവ സമയത്ത് കാറിൽ മകനും ഭാര്യയുമുണ്ടായിരുന്നു. കുട്ടിക്ക് സുഖമില്ലാത്തതിനാൽ തുറവൂർ താലൂക്ക് ആശുപത്രിയിലേക്കാണ് തങ്ങളും യാത്ര ചെയ്തത്. മകന്റെ കരച്ചിൽ കാരണം ഫയർഫോഴ്സിന്റെ ഹോണടി കേട്ടില്ലെന്നാണ് മറുപടിയിലുള്ളത്. തെറ്റ് പറ്റിയെന്നും അറിയാതെ സംഭവിച്ചതാണെന്നുമാണ് വാഹന ഉടമയുടെ വിശദീകരണം. തുടർന്ന് നിയമപരമായ നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുകയായിരുന്നു. ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കിയതിനൊപ്പം അഞ്ച് ദിവസം എടപ്പാളിലെ മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും സുജിത്തിനോട് നിർദേശിച്ചു. കാർ പട്ടണക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.