പണി നിലച്ച്​ അർത്തുങ്കൽ ഹാർബർ; പൂർത്തിയാക്കാൻ 114 കോടി വേണം

ഫണ്ടിനായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്​ ചേർത്തല: അർത്തുങ്കൽ ഹാർബർ നിർമാണത്തിൽ അനിശ്ചിതത്വം. ഫണ്ടില്ലാത്തതിനാൽ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്​ നിർമാണം. ഹാർബർ പൂർത്തിയാക്കാൻ ഫണ്ടിനായി ഫിഷറീസ് ഇൻഫ്രാസ്‌ട്രക്​ചർ ബോർഡിന്​ പദ്ധതിരേഖ നൽകിയിട്ട്​ മാസങ്ങളായെങ്കിലും അനുമതിയായിട്ടില്ല. പദ്ധതി പൂർത്തീകരണത്തിന്​ 114 കോടി തേടിയാണ്​ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ഫിഷറീസ് ഇൻഫ്രാസ്‌ട്രക്​ചർ ബോർഡിന്‍റെ ഫണ്ടിൽ തീരുമാനമായാൽ മാത്രമേ നിർമാണം പുനരാരംഭിക്കാനാകൂവെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ്​ അധികൃതർ പറയുന്നു. പദ്ധതിയുടെ 30 ശതമാനം പ്രവർത്തനങ്ങളാണ്​ പൂർത്തിയായിട്ടുള്ളത്. 1250 മീറ്റർ വരേണ്ട തെക്കേ പുലിമുട്ട് 520 മീറ്ററും 450 മീറ്റർ വരുന്ന വടക്കേ പുലിമുട്ട് 260 മീറ്ററുമാണ്​ പൂർത്തിയായത്. പ്രധാനമായ പുലിമുട്ടുകളുടെ പൂർത്തീകരണശേഷമാണ്​ ലേലപ്പുരയുടെയും മറ്റുറോഡുകളുടെയും പാർക്കിങ് ഏരിയയുടെയും നിർമാണം നടക്കേണ്ടത്. ഫണ്ടിനായി മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും നിരന്തര ഇടപെടൽ നടത്തുമ്പോഴും തീരുമാനം വൈകുകയാണ്​. മാർച്ചിന്​ മുമ്പ്​ ഫണ്ടിന് അംഗീകാരമാകുമെന്നാണ്​ കണക്കാക്കുന്നത്. താലൂക്കിലെ തീരദേശ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയാണ് അർത്തുങ്കൽ ഹാർബർ. ഹാർബർ സംവിധാനം ഇല്ലാത്തതിനാൽ താലൂക്കിലെ മത്സ്യത്തൊഴിലാളികൾ ജില്ല കടന്ന്​ ചെല്ലാനത്തും ഫോർട്ട്​കൊച്ചിയിലുമാണ്​ വള്ളമിറക്കുന്നത്. ഇതു ഭാരിച്ച ചെലവുവരുത്തുന്നതിനൊപ്പം മഴക്കാലത്തടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.