വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി

അരൂർ: അരൂർ ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തി‍ൻെറ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് പൂർവവിദ്യാർഥികൾ പഴയ സംഗീതാധ്യാപകന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന നിവേദനം നൽകി. ടി.ജെ. സാംസണി‍ൻെറ നാലുമാസത്തെ ശമ്പളം അനധികൃതമായി തടഞ്ഞുവെക്കുകയും വ്യാജരേഖകൾ ഉണ്ടാക്കി 1999ൽ സർവിസിൽനിന്ന്​ നീക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ എറണാകുളം പൊലീസ് കമീഷണർ ഓഫിസിൽ ഈ വർഷം ജനുവരിയിൽ ടി.ജെ. സാംസൺ പരാതി നൽകിയതിന്റെ അന്വേഷണം നടക്കുകയുമാണ്. 22 വർഷം ഗവ. സർവസിൽ ജോലി ചെയ്തിട്ടും പ്രോവിഡന്‍റ്​ ഫണ്ട്, പെൻഷൻ, ഗ്രാറ്റ്വിറ്റി, ഡി.എ, ഡി.എ കുടിശ്ശികകൾ, എൽ.ഐ.സി തുടങ്ങിയവയുടെ തുകകളൊന്നും ലഭ്യമായിട്ടില്ലെന്ന് നിവേദനത്തിൽ പറയുന്നു. വീടും ബന്ധുക്കളുമില്ലാത്ത അവിവാഹിതനായ സംഗീതാധ്യാപക‍ൻെറ ദുരിതജീവിതം 'മാധ്യമം' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പകൽ മുഴുവൻ തെരുവിൽ അലഞ്ഞ് രാത്രികളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന 78 കാരനായ സാംസണിന്​ അവശതകൾ ഏറെയാണ്. മുതുകിൽ വളരുന്ന വലിയ മുഴ ശാരീരിക അസ്വാസ്ഥ്യങ്ങൾ വർധിപ്പിക്കുകയാണ്. അർഹമായ ആനുകൂല്യങ്ങൾ വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിക്കുന്നതിനാണ്​ പൂർവിദ്യാർഥികൾ നിവേദനം മന്ത്രിക്ക് നൽകിയത്. കാര്യങ്ങൾ വിശദമായി കേട്ട മന്ത്രി ഉടൻ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകി. ചിത്രം. ടി.ജെ. സാംസണി​നായി നിവേദനം പൂർവവിദ്യാർഥികൾ മന്ത്രി വി. ശിവൻകുട്ടിക്ക്​ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.