മോദിയുടെ പി.ആർ പണി മുഖ്യമന്ത്രി ഏറ്റെടുക്കരുത്​ -കെ.സി. വേണുഗോപാൽ

ആലപ്പുഴ: നരേന്ദ്ര മോദിക്ക് പി.ആർ പണി ചെയ്യുന്ന ജോലി കേരള മുഖ്യമന്ത്രി ഏറ്റെടുക്കരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴ നഗരസഭയിലെ ഇടതുമുന്നണിയുടെ ദുർഭരണത്തിനും തെറ്റായ നടപടികൾക്കുമെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നടത്തിയ റിലേ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയതിൽ ദുരൂഹതയുണ്ട്. സി.പി.എം കോർപറേറ്റ് ശൈലി സ്വീകരിച്ചിരിക്കുകയാണ്. ഇതിനാലാണ് ബുള്ളറ്റ് ട്രെയിൻ മോദി നടപ്പാക്കിയപ്പോൾ സിൽവർ ലൈൻ കേരളം ഏറ്റെടുത്തത്. മോദിയുടെയും പിണറായിയുടെയും ഭരണ മോഡലുകൾ കോർപറേറ്റുകളെ സഹായിക്കുന്നതാണ്​. കോൺഗ്രസിനും ജനങ്ങൾക്കും ഗുജറാത്ത് മോഡൽ എന്നുപറയുന്നത് വിഭാഗീയതയുടെയും ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും ഏറ്റവും വലിയ മോഡലാണ്. ഗുജറാത്തിൽ ഉണ്ടായിരുന്ന ഒരേയൊരു മോഡൽ കുര്യന്റെ ധവളവിപ്ലവമായിരുന്നു. കുര്യനെ അവിടെനിന്ന്​ തല്ലിപ്പുറത്താക്കിയവരാണ് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ. എന്ത് മോഡലാണ്​ കേരളം പഠിക്കാൻ പോകുന്ന​തെന്ന് മറുപടി പറയാൻ സി.പി.എം പോളിറ്റ്​ ബ്യൂറോക്ക്​ ബാധ്യതയുണ്ട്. ഇതിന്റെ ലക്ഷ്യമെന്താണെന്ന്​ പറയേണ്ടത് സീതാറാം യെച്ചൂരിയാണെന്നും അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽ ജോർജ് ആധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി, ഡി.സി.സി പ്രസിഡന്റ്‌ ബി. ബാബു പ്രസാദ്, ഡോ. കെ.എസ്​. മനോജ്​, തോമസ് ജോസഫ്, പി.ജെ. മാത്യു, ജി. മനോജ്‌ കുമാർ, രാജു താന്നിക്കൽ, മോളി ജേക്കബ്, സഞ്ജീവ് ഭട്ട്, ടിജിൻ ജോസഫ്, എ.എൻ പുരം ശിവകുമാർ, ബഷീർ കോയാപറമ്പിൽ, പി.എസ്​. ഫൈസൽ, സജേഷ് ചാക്കുപറമ്പിൽ, കൊച്ചുത്രേസ്യ ടീച്ചർ, സുമം സ്കന്ദൻ, കെ.ആർ. വേണുഗോപാൽ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. APL congress ആലപ്പുഴ നഗരസഭയിലെ അഴിമതിക്കും കുടിവെള്ള വിതരണത്തിലെ അപാകതക്കുമെതിരെ കോൺഗ്രസ്​ നടത്തുന്ന റിലേ സത്യഗ്രഹം എ.ഐ.സി.സി ജനറ​ൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.