റമദാൻ വിശേഷം

ഇവിടെ നോമ്പുതുറക്ക്​ മതസൗഹാർദത്തിന്‍റെ മധുരം... മാവേലിക്കര: ടൗൺ ജുമാമസ്ജിദിലെ നോമ്പുതുറക്ക് മതസൗഹാർദത്തിന്‍റെ മധുരം. സഹോദര സമുദായങ്ങളുടെ നിറഞ്ഞ പിന്തുണയും സഹകരണവുമാണ് ഇവിടുത്തെ ഇഫ്താറിനെ കൂടുതൽ സജീവമാക്കുന്നത്. നോമ്പുതുറയുടെ വിഭവങ്ങൾ ഒരുക്കാനുള്ള വിറക് രണ്ട് പതിറ്റാണ്ടായി സജിയാണ് നൽകുന്നതെന്ന് ഇമാം അബ്ദുൽ വാഹിദ് മൗലവി അൽ ഖാസിമി പറഞ്ഞു. ആരും ആവശ്യപ്പെടാതെ തന്നെ ഒരു അനുഷ്ഠാനം എന്ന നിലയിൽ അദ്ദേഹം ഇത്​ ചെയ്യുന്നു. ഓരോ ദിവസത്തേക്കും ആവശ്യമായി വരുന്ന ഇഫ്താർ ചെലവുകൾ സ്ഥിരമായി എത്തിക്കുന്ന സഹോദര സമുദായത്തിൽപെട്ടവരുമുണ്ട്. ചെട്ടികുളങ്ങരയിൽ നിന്നുവരെ ആളുകൾ നോമ്പുതുറ നടത്താൻ സംഭാവനയുമായി എത്താറുണ്ട്. മാവേലിക്കര നഗരത്തിലെ മുസ്​ലിംകളല്ലാത്ത നിരവധി കച്ചവടക്കാരും നോമ്പുതുറക്ക് വലിയ സഹായമാണ് നൽകുന്നതെന്ന്​ ഇമാം പറഞ്ഞു. 25 ഓളം മുസ്​ലിം കുടുംബങ്ങൾ മാത്രമാണ് മഹല്ല്​ പരിധിയിലുള്ളത്. മാവേലിക്കര നഗരത്തിലെ മുസ്​ലിം കച്ചവടക്കാരാണ് കൂടുതലായും ഇവിടെ നോമ്പുതുറക്കാനെത്തുന്നത്. ഈത്തപ്പഴവും മറ്റ് വിഭവങ്ങളും എത്തിച്ച് തരുന്നവരും സംഭാവനകൾ നൽകുന്നവരും നോമ്പുതുറയിൽ പങ്കാളികളാകാറുണ്ടെന്നും ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ്​ സക്കീർ ഹുസൈൻ പറഞ്ഞു. കാലങ്ങളായി ഊട്ടി ഉറപ്പിച്ച സൗഹൃദത്തിന്‍റെ മധുരം കൂടിയാണ് ഇവിടുത്തെ നോമ്പുതുറകൾ. നോമ്പുകാലത്തെ സഹോദര സമുദായ അംഗങ്ങൾ അവരുടെ ആഘോഷങ്ങളിലേക്ക് ക്ഷണിക്കാറുണ്ടെന്നും സന്തോഷത്തോടെ പങ്കുകൊള്ളാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം അറിയുന്നിടത്ത് ശത്രുത ഉണ്ടാകില്ലെന്നും മതവിശ്വാസികൾ തമ്മിലെ ഊഷ്മള ബന്ധം ദൃഢമാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. APL NOMBUTHURA മാവേലിക്കര ടൗൺ ജുമാമസ്​ജിദിൽ നോമ്പുതുറക്കുള്ള ഒരുക്കം നടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.