മാറ്റിവെച്ച സി.പി.എം ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരണം ഇന്ന്​; പ്രതിഭയും വിഷയം

ആലപ്പുഴ: ജില്ല സെക്രട്ടേറിയറ്റ്​ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് സി.പി.എം ജില്ല കമ്മിറ്റി ശനിയാഴ്ച ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ജില്ല സമ്മേളനത്തിൽ തർക്കംമൂലം നടക്കാതെ പോയ സെക്രട്ടേറിയറ്റ്​ രൂപവത്​കരണമാണ്​ ശനിയാഴ്ച നടക്കുക. 12 അംഗങ്ങളടങ്ങുന്നതാകും പുതിയ സെക്രട്ടേറിയറ്റ്​ എന്നാണ്​ സൂചന. നിലവിൽ 11 പേരാണ് സെക്രട്ടേറിയറ്റിലുള്ളത്. അംഗങ്ങളുടെ എണ്ണം വർധിക്കുകയും ജില്ല കമ്മിറ്റി അംഗസംഖ്യ 45ൽനിന്ന്​ 46 ആകുകയും ചെയ്തതോടെ സെക്രട്ടേറിയറ്റിൽ ഒരാളെ അധികമായി ഉൾപ്പെടുത്താനാണ്​ തീരുമാനം. ആർ. നാസർ, ജി. വേണുഗോപാൽ, കെ. പ്രസാദ്, എ. മഹീന്ദ്രൻ, എം. സത്യപാലൻ, പി.പി. ചിത്തരഞ്ജൻ, കെ.എച്ച്. ബാബുജാൻ, കെ. രാഘവൻ, എം.എ. അലിയാർ, മനു സി. പുളിക്കൻ, ജി. ഹരിശങ്കർ എന്നിവരെയാണ് 2018ലെ സമ്മേളനത്തിൽ സെക്രട്ടേറിയറ്റിലേക്ക്​ തെരഞ്ഞെടുത്തത്. അഴിമതിയാരോപണത്തെത്തുടർന്ന് കെ. രാഘവനെ ഒഴിവാക്കി. എം.എ. അലിയാർ നിര്യാതനായി. ഈ രണ്ട് ഒഴിവിനുപുറ​മെ പുതിയ ഒരൊഴിവും ചേർത്ത് മൂന്നുപേരെ അധികമായി തെരഞ്ഞെടുക്കാനാണിട. മറ്റുള്ളവർ തുടരാനാണ്​ സാധ്യത കൂടുതൽ. ജില്ല കമ്മിറ്റി അംഗമായ ആർ. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ജി. രാജമ്മ, ഫോം മാറ്റിങ്സ് മുൻ ചെയർമാൻ കെ.ആർ. ഭഗീരഥൻ എന്നിവരുടെ പേരുകളാണ്​ പരിഗണനയിൽ. മന്ത്രി സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ വ്യത്യസ്ത പേരുകൾ താൽപര്യപ്പെട്ടതോടെയാണ്​ തർക്കം ഒഴിവാക്കാൻ സെക്രട്ടേറിയറ്റ്​ രൂപവത്​കരണം മാറ്റിയത്​. സാമൂഹിക മാധ്യമങ്ങളിലൂടെ കായംകുളത്തെ പാർട്ടി നേതാക്കൾക്കെതിരെ യു. പ്രതിഭ എം.എൽ.എ നടത്തിയ പ്രതികരണം സംബന്ധിച്ചും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ചയുണ്ടാകുമെന്നാണ്​ വിവരം. പ്രതിഭയോട്​ പാർട്ടി ജില്ല സെക്രട്ടറി വിശദീകരണം തേടിയിരുന്നു. പ്രതിഭ നൽകിയ മറുപടി കമ്മിറ്റിയിൽ വെക്കും. കായംകുളം ഏരിയ നേതൃത്വം പ്രതിഭക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്​. ഏരിയ സമ്മേളനങ്ങളിലുണ്ടായ വിഭാഗീയതയും കൈനകരി സൗത്ത് ലോക്കൽ സമ്മേളനം നടത്താൻ കഴിയാത്തതും അടക്കം ചർച്ച ചെയ്ത്​ നടപടി തീരുമാനിക്കുമെന്നും സൂചനയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.