ആലപ്പുഴ: ആലപ്പുഴ വഴിയുള്ള തീരദേശ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എ.എം. ആരിഫ് എം.പി കെ.സി. വേണുഗോപാലിനെതിരെ ആക്ഷേപമുന്നയിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. പാത ഇരട്ടിപ്പിക്കൽ മരവിപ്പിച്ചത് താൻ എം.പിയായ ശേഷമല്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ആരിഫിന്. പാത ഇരട്ടിപ്പിക്കലിൽനിന്ന് റെയിൽവേ പിന്മാറിയതിനെതിരെ വേണുഗോപാൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതിൽ ആരിഫ് ആശങ്കപ്പെടേണ്ടതില്ല. രണ്ടുതവണ ആലപ്പുഴ എം.പിയായിരുന്ന വേണുഗോപാൽ ആലപ്പുഴയുടെ റെയിൽവേ വികസനത്തിൽ എക്കാലവും ജാഗ്രത പുലർത്തിയ ജനപ്രതിനിധിയാണ്. ആ നിലക്ക് രാജ്യസഭാംഗമെന്ന നിലയിൽ പാത ഇരട്ടിപ്പിക്കലിൽനിന്ന് റെയിൽവേ പിന്മാറുന്നതിനെതിരെ വേണുഗോപാൽ നടത്തിയ ഇടപെടലിനെകൂടി അനുകൂലമാക്കി മാറ്റി പാത ഇരട്ടിപ്പിക്കൽ യാഥാർഥ്യമാക്കി മാറ്റാനാണ് ലോക്സഭാംഗമെന്ന നിലയിൽ ആരിഫ് ശ്രമിക്കേണ്ടത്. തീരദേശ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വികസനാവശ്യമെന്ന നിലയിൽ രാഷ്ട്രീയത്തിനതീതമായി കിട്ടാവുന്ന എല്ലാ പിന്തുണയും ആർജിച്ച് കേന്ദ്രസർക്കാറിന്റെ വികസനവിരുദ്ധ നിലപാടിനെതിരെ പോരാടുന്നതിനുപകരം കോൺഗ്രസ് നേതാക്കന്മാരെ വ്യക്തിഹത്യ നടത്തുകയല്ല എം.പി ചെയ്യേണ്ടതെന്ന് ഷുക്കൂർ പറഞ്ഞു. കൃഷിനാശം: ഏക്കറിന് 50,000 രൂപ നഷ്ടപരിഹാരം നൽകണം -കൊടിക്കുന്നിൽ കുട്ടനാട്: കൃഷിനാശം നേരിട്ട കർഷകർക്ക് ഏക്കറിന് 50,000രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കോൺഗ്രസ് താലൂക്ക് ഓഫിസ് മാർച്ചും ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവലോകന യോഗങ്ങളും വിലയിരുത്തലുകളും നടത്തുന്നതല്ലാതെ കർഷകർക്കുവേണ്ടി എന്തുചെയ്യുമെന്ന് മന്ത്രിമാർ വ്യക്തമാക്കുന്നില്ല. വ്യക്തിഗത ഓൺലൈൻ ഇൻഷുറൻസ് ഏർപ്പെടുത്തി കർഷകരെ കബളിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ ഇത് അനുവദിക്കില്ല. ഈർപ്പത്തിന്‍റെ പേരിൽ കർഷകരിൽനിന്ന് കിഴിവ് ഈടാക്കാൻ മില്ലുകാർക്കും ഏജന്‍റുമാർക്കും സർക്കാർ കൂട്ടുനിൽക്കുകയാണ്. അവശേഷിക്കുന്ന നിലങ്ങൾ കൊയ്യാൻ യന്ത്രങ്ങളില്ലാതെ കർഷകർ വിഷമിക്കുകയാണ്. അടിയന്തര നടപടികളില്ലെങ്കിൽ തുടർസമരം ഉണ്ടാകുമെന്നും എം.പി പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. വി.കെ. സേവ്യർ, സി.വി. രാജീവ്, സജി ജോസഫ്, ജോസഫ് ചേക്കോടൻ, മാത്യു ചെറുപറമ്പൻ, ജി. മുകുന്ദൻ പിള്ള, അലക്സ് മാത്യു, ജെ.ടി. റാംസേ, പ്രതാപൻ പറവേലി, പി.ടി. സ്കറിയ, പ്രമോദ് ചന്ദ്രൻ, ജോർജ് മാത്യു പഞ്ഞിമരം, ജിൻസി ജോളി, മിനി മന്മഥൻ നായർ, മറിയാമ്മ ജോർജ്, അമ്പിളി ടി. ജോസ്, തങ്കച്ചൻ കൂലിപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.