​വൈദ്യുതി കണക്ഷൻ പൊരുതി നേടി; വർഷങ്ങൾക്കിപ്പുറം ഭാഗ്യം തേടിയെത്തി

റീത്തയുടെ തകരവീട്ടിലേക്ക്​ എത്തുന്നത്​ ഭാഗ്യക്കുറി ഒന്നാം സമ്മാനം 80 ലക്ഷം രൂപ അരൂർ: വൈദ്യുതി കണക്ഷനുവേണ്ടി പഞ്ചായത്ത് അധികാരികളുടെ മുന്നിൽ ആത്മഹത്യക്ക്​ ശ്രമിച്ച റീത്തയുടെ തകരവീടിന്​ 80 ലക്ഷത്തിന്‍റെ ഭാഗ്യകടാക്ഷം. അരൂർ പുത്തൻവീട്ടിൽ ഷണ്മുഖന്‍റെ ഭാര്യയാണ് റീത്ത. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ഷണ്മുഖൻ എടുത്ത ലോട്ടറിക്കാണ്. ഇവർക്ക് രണ്ട്​ മക്കളുണ്ട് വൈശാഖും വൈഷ്ണവും. 13 വർഷം മുമ്പ്​, വൈശാഖ് 10ാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ വൈദ്യുതിയില്ല. വെളിച്ചമില്ലാതെ പരീക്ഷക്ക് പഠിക്കില്ലെന്ന് വൈശാഖ് വാശിപിടിച്ചു. സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പഞ്ചായത്ത് വീട്ടുനമ്പർ ഇട്ടുനൽകാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിച്ചില്ല. ഇതോടെയാണ്​ അരൂർ പഞ്ചായത്ത് അധികാരികളുടെ മുന്നിൽ റീത്ത മണ്ണെണ്ണയുമായെത്തി ആത്മഹത്യക്ക് ഒരുങ്ങിയത്. സംഭവം 'മാധ്യമം' റിപ്പോർട്ട്​ ചെയ്തിരുന്നു. വാർത്തയറിഞ്ഞ കലക്ടർ ഷണ്മുഖന്‍റെ വീട്ടിൽ ഉടൻ വൈദ്യുതി കണക്ഷൻ നൽകാൻ ചേർത്തല തഹസിൽദാർക്ക് നിർദേശം നൽകി. വൈശാഖ് വൈദ്യുതി വെളിച്ചത്തിൽ പഠിച്ചതും എസ്.എസ്.എൽ.സി ജയിച്ചതും വാർത്തയായി. വിദ്യാഭ്യാസം കഴിഞ്ഞ് വൈശാഖിനൊപ്പം വൈഷ്ണവും ജോലിക്ക്​ കാത്തിരിക്കുമ്പോഴാണ് ഭാഗ്യം വീട്ടിലേക്ക് വന്നത്. ഒരു നല്ല വീട് വെക്കണമെന്നാണ് ഷണ്മുഖന്‍റെ ആഗ്രഹം. വീട്ടിൽ കട തുടങ്ങുന്നതിന് സൊസൈറ്റിയിൽനിന്ന്​ എടുത്ത കടവും അടച്ചുതീർക്കണം. ചിത്രം ലോട്ടറി അടിച്ച ഷണ്മുഖന്‍റെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.