വിദഗ്​ധ ചികിത്സയില്ല; ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്ക്​ ദുരിതം

രക്തബാങ്ക്, കാത്ത്​ലാബ്, ട്രോമാകെയർ സംവിധാനങ്ങളില്ല ആലപ്പുഴ: കോവിഡിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സംവിധാനങ്ങളും നിലച്ച ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്ക്​ ദുരിതകാലം. കോവിഡ്​ നിയ​ന്ത്രണത്തിന്‍റെ പേരിൽ അടച്ചുപൂട്ടിയ രക്തബാങ്ക്​, കാത്ത്​ലാബ്​, ട്രോമാകെയർ അടക്കമുള്ള സംവിധാനങ്ങൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇതോടെ, പനിയും ചുമയും അടക്കമുള്ള ചെറിയ രോഗങ്ങൾ വന്നാൽപോലും ആളുകൾ നേരെപായുന്നത്​ 10കിലോമീറ്റർ അകലെയുള്ള വണ്ടാനത്തെ മെഡിക്കൽ കോളജിലേക്കാണ്​. നഗരഹൃദയത്തിലെ 'ജനറൽ ആശുപത്രി' ഒഴിവാക്കിയുള്ള​ ഈ യാത്ര വേണ്ടത്ര ഡോക്​ടർമാരും ചികിത്സ സൗകര്യങ്ങളും ഇല്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ​നിഷേധിക്കുമോയെന്ന ഭയം മൂലമാണ്.​ ജനറൽ ആശുപത്രിയെന്ന ബോർഡിലെ പദവി മാത്രമാണുള്ളത്​. വിദഗ്ധ ചികിത്സക്ക്​ ആലപ്പുഴയിൽ ഇപ്പോഴും സംവിധാനമില്ലെന്നതാണ്​ ഞെട്ടിക്കുന്ന യാഥാർഥ്യം. വികസനത്തിന്‍റെ ഭാഗമായി കിഫ്ബിവഴി 117 കോടി ചെലവഴിച്ച് നിർമിക്കുന്ന ഏഴുനിലകെട്ടിടം താമസിയാതെ തുറക്കുമെന്ന പ്രതീക്ഷയിലാണ്​ അധികൃതർ. ഇതോടെ, പഴയകെട്ടിടങ്ങളിൽ ചിതറികിടക്കുന്ന ഒ.പി ബ്ലോക്ക് ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ ഒരുകുടക്കീഴിലാകും. പഴയ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിച്ച നഗരത്തിലെ പഴയകെട്ടിടത്തിൽ തന്നെയാണ്​ ഇപ്പോഴും​ ജനറൽ ആശുപത്രിയുടെ പ്രവർത്തനം. മെഡിസിൻ വിഭാഗത്തിൽ തീവ്രപരിചരണവിഭാഗം പോലുമില്ലാത്ത ആശുപത്രിയെ രോഗികളും കൈയൊഴിയുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം കുറഞ്ഞിട്ടും കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള നടപടി ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് പ്രധാന പരാതി. നിലവിൽ കാര്യക്ഷമായി പ്രവർത്തിക്കുന്നത്​ ഡയാലിസിസ് യൂനിറ്റാണ്​. കോവിഡ്​ തരംഗത്തിൽ 'കോവിഡ്​ ആശുപത്രിയായി' മാറിയതോടെയാണ്​ രോഗികൾക്ക്​​​​​ ദുരിതം ഇരട്ടിയായത്​. എന്നാൽ, കോവിഡ്​ നിയന്ത്രണം എടുത്തുകളഞ്ഞിട്ടും നേരത്തേ കിട്ടിയിരുന്ന പല ചികിത്സ സംവിധാനങ്ങളും തിരിച്ചെത്തിയില്ല. ഫാർമസിയിൽനിന്ന്​ ജീവൻരക്ഷ മരുന്നുകളടക്കം പലതും കിട്ടാതായി. ജില്ലയിൽ ഏറ്റവും പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആതുരാലയമാണിത്​. മെഡിക്കൽ കോളജിന് സമാനരീതിയിൽ സൗകര്യം വർധിപ്പിച്ച് നിലവാരം ഉയർത്തുമെന്ന പ്രഖ്യാപനത്തിന്​ വർഷങ്ങളുടെ പഴക്കമുണ്ട്. നഗരത്തിലും ബൈപാസിലും ഉണ്ടാകുന്ന വാഹനാപകടത്തിൽ പരിക്കേവരെ ആദ്യമെത്തിക്കുന്ന ആശുപ​ത്രിയെന്ന നിലയിൽ വേണ്ടത്ര പരിഗണന പലപ്പോഴും കിട്ടാറില്ല. ഉദ്​ഘാടനം കഴിഞ്ഞിട്ടും ട്രോമാകെയർ യൂനിറ്റിന്‍റെ പ്രവർത്തനവും അവതാളത്തിലാണ്​. ആധുനിക രക്തബാങ്ക്, ട്രോമാകെയർ യൂനിറ്റ് എന്നിവക്കായി വാങ്ങിയ ഉപകരണങ്ങളും നാശത്തിന്‍റെവക്കിലാണ്. ആലപ്പുഴ നഗരസഭക്കാണ് ഇപ്പോൾ ആശുപത്രിയുടെ ചുമതല. രക്തബാങ്ക്, കാത്ത്​ലാബ്, ട്രോമാകെയർ എന്നിവയടക്കമുള്ള സംവിധാനങ്ങൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചെങ്കിലും നടപടിയായിട്ടില്ല. APL MB01 general hospital ആലപ്പുഴ ജനറൽ ആശുപത്രി അത്യാഹിതവിഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.