വെള്ളക്കെട്ട് പരിഹരിക്കാന്‍ തയാറാകാത്തതിനുപിന്നില്‍ ആസൂത്രിത തന്ത്രം -യു.ഡി.എഫ്

ചെങ്ങന്നൂര്‍: എം.സി റോഡില്‍ നന്ദാവനം ജങ്​ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മന്ത്രി തയാറാകാത്തതിനുപിന്നില്‍ ആസൂത്രിത തന്ത്രങ്ങളാണെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കെ. ഷിബുരാജന്‍, സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. നഗരസഭയുടെയും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പരാതിയെത്തുടര്‍ന്നാണ് എം.സി റോഡി‍ൻെറ രണ്ടാംഘട്ട നവീകരണത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് മന്ത്രിയും പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പിയും ഉറപ്പുകൾ നല്‍കിയത്​. ആദ്യം പറഞ്ഞത് നന്ദാവനം ജങ്​ഷനില്‍ എം.സി റോഡിന് കുറകെയുള്ള കലുങ്കില്‍ മാലിന്യം കെട്ടിക്കിടന്ന് അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന്​ കാരണമെന്നായിരുന്നു. ഇവിടെ നിര്‍മാണം പൂര്‍ത്തീകരിച്ച്​ ദിവസങ്ങള്‍ക്കുള്ളില്‍ പെയ്ത മഴയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഓട നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമെന്ന്​ വ്യക്തമായി. മനഃപൂര്‍വമായി നഗരസഭയെ അവഹേളിക്കാനുള്ള ഗൂഢതന്ത്രമാണ് അശാസ്ത്രീയ ഓട നിര്‍മാണത്തിനുപിന്നിലുള്ളത്. നഗരസഭ പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികളുടെ വൈകല്യങ്ങളും പോരായ്മകളും കാലതാമസവും മന്ത്രി സജി ചെറിയാന്‍ നഗരസഭയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം തിരിച്ചറിയുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.