അപ്പത്തിനും മുട്ടക്കറിക്കും അമിതവില; എം.എൽ.എയുടെ പരാതിയിൽ ഹോട്ടലുകളിൽ പരിശോധന

ആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും അമിതവില ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിക്ക്​ പിന്നാലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. വിഷയത്തിൽ ഇടപെട്ട കലക്​ടർ ഡോ. രേണുരാജാണ്​​ പരിശോധനക്ക്​ നിർദേശം നൽകിയത്​. തുടർന്ന്​ ചേർത്തല താലൂക്ക്​ സപ്ലൈ ഓഫിസർ ശ്രീകുമാരൻ ഉണ്ണിയുടെ നേതൃത്വത്തിൽ പരാതിക്കിടയാക്കിയ കണിച്ചുകുളങ്ങരയിലെയും സമീപപ്രദേശങ്ങളിലെയും 12 ഹോട്ടലിൽ പരിശോധന നടത്തി. ഇതിൽ രണ്ടിടത്ത്​ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന്​ നടപടിക്ക്​ ശിപാർശ ചെയ്തു. ചേർത്തല എസ്​.എൻ കോളജിന്​ സമീപത്തെ അന്നപൂർണയിലും കഞ്ഞിക്കുഴി ജങ്​ഷനുസമീപത്തെ പച്ചക്കറിക്കടയിലുമാണ്​​ വിലവിവരപ്പട്ടിക ഇല്ലാതിരുന്നത്​. എം.എൽ.എയുടെ പരാതി സംബന്ധിച്ച്​ അന്വേഷണം നടത്തി പ്രത്യേക റിപ്പോർട്ട്​ ഡി.എസ്​.ഒ വഴി കലക്ടർക്ക്​ സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കണിച്ചുകുളങ്ങര പീപ്പിൾസ്​ റസ്​റ്റാറന്‍റിലാണ്​ കേസിനാസ്പദ സംഭവം. പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ഡ്രൈവറും ചേർന്ന്​ അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ചപ്പോൾ ജി.എസ്​.ടി അടക്കം ഈടാക്കിയത്​ 184 രൂപയാണെന്ന്​ കാണിച്ച്​ ബിൽ സഹിതമാണ്​ എം.എൽ.എ കലക്ടർക്ക്​ പരാതി നൽകിയത്​. ഒരുമുട്ടക്കറിക്ക്​ 50 രൂപയും ഒരപ്പത്തിന്​ 15 രൂപയുമാണ്​ ഈടാക്കിയത്​. പരാതിക്കിടയാക്കിയ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ എത്തി വിശദീകരണം തേടി. മറ്റ്​ ഹോട്ടലുകളിലെക്കാൾ ഗുണനിലവാരമുള്ള നല്ലഭക്ഷണമാണ്​ നൽകുന്നതെന്നും മുട്ടക്കറിയുടെ​ ഗ്രേവിയിൽ അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേർക്കുന്നതിനാലാണ്​ കൂടുതൽ ​​വില ഈടാക്കി​യതെന്നാണ്​ ഹോട്ടൽ അധികൃതർ നൽകിയ വിശദീകരണം. മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച്​ ഹോട്ടലിന്‍റെ മെനുവിൽ ഉൾപ്പെടുത്തിയ ഭക്ഷണത്തിന്​ പൊള്ളുന്നവിലയാണ്​ ഈടാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്​. വാടകയും വൈദ്യുതിനിരക്കും കേന്ദ്രീകൃതമായ എ.സിയുമൊക്കെ പ്രവർത്തിക്കുമ്പോഴും ന്യായവില മാത്രമാണ്​ ഈടാക്കിയതെന്ന്​ ഹോട്ടൽ അധികൃതർ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.