മാന്നാർ പഞ്ചായത്ത്​ അംഗത്തിന്​ കാരണം കാണിക്കൽ നോട്ടീസ്

മാന്നാർ: ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ്​-എം അംഗത്തിന്​ കാരണം കാണിക്കൽ നോട്ടീസ്. പഞ്ചായത്തിൽ ഡ്രൈവറായി ഒമ്പത്​ വർഷത്തിലേറെയായി ജോലി നോക്കുന്ന താൽക്കാലിക ജീവനക്കാരന്‍റെ കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട്​ നടന്ന വോട്ടിങ്ങിൽ പ്രതിപക്ഷമായ യു.ഡി.എഫിന്റെ നിലപാടിനൊപ്പം നിന്നതിനാണ് കേരള കോൺഗ്രസ് (എം) വനിത വിഭാഗം ജില്ല വൈസ് പ്രസിഡന്റും പാവുക്കര മൂന്നാം വാർഡ്​ മെംബറുമായ സെലീന നൗഷാദിനോട്​ കേരള കോൺഗ്രസ് (എം) മാന്നാർ മണ്ഡലം പ്രസിഡന്റ് കുര്യൻ മാനാംപുറത്ത് നോട്ടീസ്​ നൽകിയത്. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരന്​ കരാർ പുതുക്കി നൽകുന്നതിനെ ബി.ജെ.പിയുടെ ഏക അംഗമായ എസ്. ശാന്തിനി ബാലകൃഷ്ണൻ ഉൾപ്പെടെ 10 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ഭരണകക്ഷിക്ക് എട്ട്​ അംഗങ്ങളുടെ പിന്തു​ണയേ ലഭിച്ചിരുന്നുള്ളൂ. ഭരണകക്ഷിയിലെ ഒരുഅംഗം ഭരണസമിതിയുടെ തീരുമാനത്തിന് എതിരായി വോട്ട് ചെയ്തതോടെ പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നിരുന്നു. നിലവിലെ ജീവനക്കാരനെ മാറ്റി ഭരണകക്ഷി പാർട്ടിയുടെ യുവജനവിഭാഗം നേതാവിനെ താൽക്കാലിക ജീവനക്കാരനായി തിരുകിക്കയറ്റാനുള്ള സി.പി.എമ്മിലെ ചിലരുടെ നീക്കത്തിനാണ്​ തിരിച്ചടിയേറ്റത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.