യുവകർഷകൻ സുജിത്തിന് യുവപ്രതിഭ പുരസ്കാരം

മാരാരിക്കുളം: കഞ്ഞിക്കുഴിയിലെ കർഷകൻ എസ്.പി. സുജിത്തിന് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജുവിൽനിന്ന് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് സുജിത് ഏറ്റുവാങ്ങി. കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്തിൽ സൂര്യകാന്തി പാടം സജ്ജമാക്കിയതോടെയാണ് ഈ യുവകർഷകൻ ശ്രദ്ധ നേടുന്നത്. രണ്ടര ഏക്കറിലെ സൂര്യകാന്തി പാടം വൻ ഹിറ്റായിരുന്നു. കൃഷിയിൽ സുജിത്ത് നടപ്പാക്കുന്ന വ്യത്യസ്ത പദ്ധതികളാണ് അവാർഡിന് അർഹനാക്കിയത്. തണ്ണീർമുക്കത്ത് കായലിൽ പോളപ്പായലിന് പുറത്ത് ഒഴുകുന്ന പൂന്തോട്ടം ഒരുക്കിയത് ടൂറിസം മേഖലയിലെ വ്യത്യസ്ത കാഴ്ചക്ക്‌ വഴിയൊരുക്കി. 2014ൽ സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്കാരവും നേടിയിരുന്നു. കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 20 ഏക്കറിലാണ് പച്ചക്കറികൃഷി ചെയ്യുന്നത്. ഉള്ളി, കിഴങ്ങ് തുടങ്ങി വിളകളിൽ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു. വിഷുവിന് കണിവെള്ളരി വിൽപനയാണ് അടുത്ത ലക്ഷ്യം. മാതാവ് ലീലാമണിയും ഭാര്യ അഞ്ജുവും മകൾ കാർത്തികയുമടങ്ങുന്ന കുടുംബത്തിന്‍റെ പൂർണ പിന്തുണയുണ്ട്. പടം: ഗതാഗതമന്ത്രി ആന്റണി രാജുവിൽനിന്ന് സുജിത് അവാർഡ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.