എസ്​.എസ്​.എൽ.സി: പൊള്ളുന്ന ചൂടിൽ ആശ്വാസത്തിന്റെ മലയാളം പരീക്ഷ

കായംകുളം: പൊള്ളുന്ന വേനൽ ചൂടിനിടെ കടന്നുവന്ന എസ്​.എസ്​.എൽ.സി പരീക്ഷയിൽ ആശ്വാസത്തിന്റെ ആദ്യദിനം. പത്താം ക്ലാസ് പരീക്ഷക്കായി മലയാളം ചോദ്യക്കടലാസ്​ കൈയിൽ കിട്ടിയപ്പോഴാണ് മിക്കവരുടെയും മനസ്സ്​ തണുത്തത്. പരീക്ഷയൊക്കെ എളുപ്പമായിരുന്നു. പക്ഷേ, ക്ലാസ് മുറിയിലെ ചൂട് സഹിക്കാവുന്നത്​ ആയിരുന്നില്ലെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പരീക്ഷ ചൂടിനെ മറികടന്നെങ്കിലും മിക്ക കുട്ടികളും കത്തുന്ന വേനലിൽ വാടിത്തളർന്നു. കോൺക്രീറ്റ് കെട്ടിടങ്ങളിലെ ക്ലാസുമുറികൾ ചുട്ടുപഴുത്ത അവസ്ഥയിലായതാണ് കുട്ടികളെ കുഴക്കിയത്. വേനൽ ചൂടിൽ വിയർത്തെങ്കിലും മലയാളം ചോദ്യക്കടലാസ്​ വിയർപ്പിക്കുന്നതായില്ല. ചൂടിന് ആശ്വാസം പകരുന്ന ചോദ്യങ്ങളായിരുന്നു ആദ്യദിനത്തിലെന്ന് കുട്ടികൾ സന്തോഷം പങ്കുവെച്ചു. 22,345 വിദ്യാര്‍ഥികളാണ്​ ജില്ലയിൽ പരീക്ഷ എഴുതിയത്​. ഇതില്‍ 11,894 പേര്‍ ആണ്‍കുട്ടികളും 10,451 പെണ്‍കുട്ടികളും. ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് -7401 പേര്‍. ആലപ്പുഴ -6420, ചേര്‍ത്തല -6445, കുട്ടനാട് -2079 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സംശയനിവാരണത്തിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഹെൽപ്​ ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്​. --ചിത്രം-- മദ്യനയം ദുരന്തങ്ങൾക്ക് വഴിതെളിക്കും -മദ്യവിരുദ്ധ സമിതി ആലപ്പുഴ: സർക്കാറിന്‍റെ മദ്യനയം കേരളത്തെ മദ്യാലയമാക്കുമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗം ഉദ്​ഘാടനം ചെയ്ത മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. മദ്യപാനവും പുകവലിയും മൂലം ജനതയുടെ ആരോഗ്യവും സമ്പത്തും നശിച്ചുകൊണ്ടിരിക്കുകയാണന്നും ഇതിന്‍റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഹക്കിം മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. വർക്കിങ്​ പ്രസിഡന്റ് മൗലാന ബഷീർ മുഖ്യപ്രഭാഷണം നടത്തി. തോട്ടുങ്കൽ ജോർജ് ജോസഫ്, എച്ച്. സുധീർ, എം.ഡി. സലിം, ഡി.ഡി. സുനിൽകുമാർ, ഇ. ഷാബ്​ദീൻ, ബി. സുജാതൻ, ജേക്കബ് എട്ടുപറയിൽ, ഷീല ജഗധരൻ, ആന്റണി കരിപ്പാശേരി, ശ്യാമള പ്രസാദ്, ബിനു മദനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.