വടുതല: ഒരാഴ്ചക്കിടെ വടുതല മേഖലയിൽ മോഷണം വ്യാപകം. ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് അധികവും. കഴിഞ്ഞ രാത്രി കോട്ടൂർ പള്ളിയിലെ ഭണ്ഡാരപ്പെട്ടി തകർക്കാൻ ശ്രമമുണ്ടായി. സമീപത്തെ ആക്രിക്കടയിൽ അന്നുതന്നെ ചില്ലറക്കാശ് വെച്ച പെട്ടി മോഷണംപോയി. പനക്കത്തറ അൻസാർ മസ്ജിദിലെ ഭണ്ഡാരപ്പെട്ടിയും കുത്തിത്തുറന്നു. തലേന്ന് രാത്രിയാണ് അരൂക്കുറ്റി പാദുവാപുരം സെന്‍റ് ആന്‍റണീസ് ഇടവക പള്ളിക്ക് കീഴിലെ വടുതല ജെട്ടി സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തിയും കാണിക്കവഞ്ചിയും കൊണ്ടുപോയത്. വടുതല ജെട്ടി മസ്ജിദിലെയും എസ്.എൻ.ഡി.പി 602 നമ്പർ ശാഖയുടെ ക്ഷേത്രത്തിലെയും ഭണ്ഡാരപ്പെട്ടിയും ഈ ദിവസങ്ങളിൽ കവർന്നു. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻെറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും വിരലടയാളവിദഗ്ധരും എത്തി വിശദ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് ഈ മോഷണങ്ങളെല്ലാം നടന്നത്. വടുതല ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഒരാഴ്ചക്കിടെ മോഷണശ്രമം നടന്നു. കിടേശ്ശേരി ക്ഷേത്രം, മൂലങ്കുഴി ക്ഷേത്രം, കാട്ടില മഠം ക്ഷേത്രം, അരൂക്കുറ്റി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയിടങ്ങളിലെ കാണിക്കവഞ്ചികളിലും മോഷണമുണ്ടായി. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതാണ് വ്യാപക മോഷണങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. രാത്രി സജീവമാകുന്ന കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളെ ശക്തമായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അരൂക്കുറ്റിയിലെ പൊലീസ് എയ്ഡ്പോസ്റ്റ് പ്രവർത്തന സജ്ജമാക്കണമെന്ന് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള തുടർച്ചയായ മോഷണങ്ങളിൽ അധികാരികൾ ജാഗ്രത പുലർത്തണമെന്ന് വെൽഫെയർ പാർട്ടി അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എം.എ. അലിയാർ അധ്യക്ഷത വഹിച്ചു. ചിത്രം : കോട്ടൂർ പള്ളിയിലെ ഭണ്ഡാരപ്പെട്ടി പൊളിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.