മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതായി പരാതി

ജീവനക്കാർക്ക് വീണ്ടും വീഴ്ച അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാർക്ക്​ വീണ്ടും ഗുരുതര പിഴവ്. ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയെന്നാണ്​ ബന്ധുക്കളുടെ പരാതി. പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പൊലീസിനും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. നാസറിന്‍റെ മരുമകൾ സിയാനയെ 21നാണ്​ പ്രസവ സംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. വെള്ളിയാഴ്ച പുലർച്ച ലേബർമുറിയിലേക്ക് മാറ്റി. പുലർച്ച മരുന്നുകൊടുത്തശേഷം സിയാന അബോധാവസ്ഥയിലായി. തുടർന്നാണ് മരുന്ന് മാറി നൽകിയ വിവരം അറിയുന്നത്. ഇതേപേരിൽ മറ്റൊരു യുവതിയെയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് നൽകേണ്ട മരുന്ന് ആളുമാറി നൽകിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം. മരുന്നുമാറി നൽകിയ വിവരം ആദ്യം ആശുപത്രി അധികൃതർ ബന്ധുക്കളിൽനിന്ന് മറച്ചുവെച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കക്ക് വകയില്ലെന്നും ബന്ധുക്കളോട് പറഞ്ഞു. ഉച്ചയോടെയാണ് സിയാനയുടെ നിലയിൽ മാറ്റം വന്നത്. മുമ്പും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരിൽനിന്ന് ഗുരുതരപിഴവുകൾ സംഭവിച്ചിട്ടുണ്ട്. apl mch 1 amb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.