നെഹ്​റു ട്രോഫി: തീയതി മാറ്റത്തിൽ സമവായമില്ല; സർക്കാർ നിർദേശം നവംബറിൽ നടത്താൻ

ആലപ്പുഴ: നെഹ്​റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റുന്നത്​ സംബന്ധിച്ച്​ മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭിന്നത. സി.ബി.എൽ നവംബർ ഒന്നിന്​ നടത്തിയ​ശേഷം നെഹ്​റു ട്രോഫി നടത്തിയാൽ മതിയെന്ന നിർദേശത്തെ കുറിച്ച്​ അഭിപ്രായം തേടുന്നതിനായി സർക്കാർ നിർദേശ പ്രകാരം ജില്ല കലക്ടർ വിളിച്ചതായിരുന്നു യോഗം. ഇതിൽ മന്ത്രി പ​ങ്കെടുക്കുകയായിരുന്നു. സി.ബി.എൽ നവംബർ ഒന്നിനും തുടർന്ന്​ ജവഹർലാൽ നെഹ്​റുവിന്‍റെ ജന്മദിനമായ നവംബർ 14ന്​ നെഹ്​റു ട്രോഫിയും എന്നതായിരുന്നു നിർദേശം. ഇതുവരെ നടത്തിവന്ന ആഗസ്റ്റ്​ കാലാവസ്ഥ മാറിയതോടെ മഴക്കാലമാണ്​. ഈ സാഹചര്യത്തിൽ വെള്ളപ്പൊക്കക്കാലത്താകും ഇപ്പോഴത്തെ നിലയിൽ വള്ളംകളി. ഇത്​ വേണ്ടെന്നായിരുന്നു പ​ങ്കെടുത്തവരിൽ ഭൂരിപക്ഷം പറഞ്ഞത്​. ടൂറിസം സീസൺ കണക്കിലെടുത്ത്​ വള്ളംകളിയുടെ തീയതി മാറ്റണമെന്ന്​ ഈ വിഭാഗം നിലപാടെടുത്തെന്നും കലക്ടർ ഡോ. രേണുരാജ്​ സ്ഥിരീകരിച്ചു. തീയതി മാറ്റുന്നതിനെ ചിലർ ശക്​തമായി എതിർത്തെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിൽ അഭി​പ്രായങ്ങൾ സർക്കാറിനെ അറിയിച്ച്​ ഉന്നതതല ചർച്ച നടത്തി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന്​ കലക്ടർ പറഞ്ഞു. വള്ളംകളി 2018ലും 2019ലും വെള്ളപ്പൊക്കത്തെ തുടർന്ന്​ തീയതി മാറ്റിയാണ്​ നടത്തിയത്​. കോവിഡ്​ നിയന്ത്രണങ്ങൾ കാരണം 2020ലും 2021 ലും നടത്തിയില്ല. കേരളത്തിൽ ടൂറിസ്റ്റുകൾ അധികവും വരുന്നത്​ നവംബർ -ഡിസംബർ മാസങ്ങളിലാണ്​. ഇതെല്ലാം കണക്കിലെടുത്ത്​ നവംബറിലേക്ക്​ മാറ്റണമെന്നാണ്​ ബോട്ട്​ക്ലബുകളുടെ ആവശ്യം. കേരള ബോട്ട്​ക്ലബ്​ അസോസിയേഷൻ പ്രസിഡന്‍റ്​ ​ ജയിംസ്​കുട്ടി ജേക്കബ്, സെക്രട്ടറി എസ്​.എം ഇക്​ബാൽ തുടങ്ങിവർ ഈ നിലപാടിലാണ്​. എന്നാൽ, എ.എ. ഷുക്കൂർ, ജോയിക്കുട്ടി ജോസ് തുടങ്ങിവർ ആഗസ്റ്റിലെ രണ്ടാം ശനി എന്നതിൽ മാറ്റം വേണ്ടെന്നും വാദിച്ചു. തീയതി മാറ്റുന്നത്​ സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ഈ യോഗത്തിന്​ അധികാരമില്ലെന്ന നിലപാടാണ്​ ചുണ്ടൻവള്ളം ഉടമ സംഘം പ്രസിഡന്‍റ്​ ആർ.കെ. കുറുപ്പ്​ സ്വീകരിച്ചത്​. 1954 മുതൽ ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിവരുന്ന നെഹ്റുട്രോഫി വള്ളംകളി മറ്റൊരു തീയതിയിലേക്ക്​ മാറ്റുന്നത്​ ഉചിതമല്ലെന്ന്​ എൻ.ഡി.ബി.ആർ.സൊസൈറ്റി എക്സിക്യൂട്ടീവ് അംഗവും നിരവധിതവണ നെഹ്റു ട്രോഫി കരസ്ഥമാക്കിയ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ രക്ഷാധികാരിയുമായ മാത്യു ചെറുപറമ്പൻ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.