വ്യാജ പരാതി അയച്ച സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: മാനസികാസ്വാസ്ഥ്യം കാരണം അയൽവാസികൾക്കെതിരെ പൊലീസിലും മറ്റും പരാതി അയക്കുന്ന സ്ത്രീയെയും ഒപ്പം താമസിക്കുന്ന സഹോദരിയെയും സൈക്കോ റീഹാബിലിറ്റേഷൻ സെന്‍ററിൽ പുനരധിവസിപ്പിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആലപ്പുഴ കലക്ടർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. അയൽവാസിയിൽനിന്നുള്ള മാനസിക പീഡനത്തിനെതിരെ കായംകുളം ഗോവിന്ദമുട്ടം സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ല വനിത-ശിശു വികസന ഓഫിസറിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കിടയാക്കിയ സംഭവം യാഥാർഥ്യമാണെന്നും മൂന്ന് സ്ത്രീകൾ താമസിക്കുന്ന വീട്ടിലെ രണ്ടുപേരാണ് പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ കള്ളപ്പരാതികൾ നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർ കക്ഷിക്ക് ഒപ്പം താമസിക്കുന്ന സഹോദരിക്കും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. എന്നാൽ, ഇവർക്ക് ഒപ്പമുള്ള മറ്റൊരു സഹോദരിക്ക് അക്രമസ്വഭാവമില്ലെന്നും ഇവരെ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. അസുഖമുള്ളവരെ പുനരധിവസിപ്പിക്കാൻ പൊലീസ്, പഞ്ചായത്ത്, പട്ടികജാതി, വനിത-ശിശു വികസനം, ആരോഗ്യം, ജില്ല ഭരണകൂടം എന്നിവരുടെ സഹായം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.