അനധികൃത ഹൗസ്​ ബോട്ടുകൾക്ക് പൂട്ടിടാൻ തുറമുഖ വകുപ്പ്​

ആലപ്പുഴ: പിടികൊടുക്കാതെ ആലപ്പുഴയില്‍ അനധികൃത ഹൗസ്​ബോട്ടുകളുടെ സഞ്ചാരം. കോവിഡിന്‍റെ ഇളവ്​ മുതലെടുത്ത്​ രജിസ്​ട്രേഷനും ലൈസൻസുമില്ലാതെ കായൽയാത്ര നടത്തുന്ന ഹൗസ്​ബോട്ടുകൾ പിടിച്ചെടുക്കാൻ തുറമുഖ വകുപ്പിന്‍റെ കർശന നിർദേശം. രജിസ്​ട്രേഷൻ നടപടികളോട്​ സഹകരിക്കാത്ത ഉടമകളുടെ ​ബോട്ടുകൾ പൊലീസ്​ സഹായത്തോടെയാകും പിടിച്ചെടുക്കുക. വിനോദസഞ്ചാരികൾ എത്തുന്ന ഡി.ടി.പി.സിയുടെ ആലപ്പുഴ പുന്നമട ഫിനിഷിങ്​ പോയന്‍റ്​, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ കൗണ്ടറുകളിൽനിന്ന്​​​ അനധികൃത ഹൗസ്​ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും ബോർഡിങ്​ പാസ്​ നൽകരുതെന്ന നിർദേശം നൽകിയിട്ടുണ്ട്​. അനധികൃത സർവിസ്​ നടത്തുന്ന ഹൗസ്​ ബോട്ടുകള്‍ ഹാജരാക്കണമെന്ന തുറമുഖ വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിർദേശത്തോട്​ സഹകരിക്കാൻ ഭൂരിഭാഗം ഉടമകളും തയാറായില്ല. ഈ സാഹചര്യത്തിലാണ്​ പിടിച്ചെടുക്കൽ നടപടി വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്​. കെ.​ഐ.വി രജിസ്​ട്രേഷൻ, ഇൻഷുറൻസ്​, പൊലൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഹൗസ്​ബോട്ടുകൾ ഓടാൻ അനുവദിക്കില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാനദണ്ഡം പാലിക്കാതെ മാലിന്യം കായലിലേക്ക്​ ഒഴുക്കുന്നുണ്ട്​. ഹൗസ് ബോട്ടുകൾക്കുള്ള രജിസ്ട്രേഷനും ലൈസൻസും ഓൺലൈൻ വഴിയാക്കിട്ടും ഉടമകളുടെ സഹകരണമില്ലെന്നാണ്​ തുറമുഖ വകുപ്പ്​ അധികൃതർ പറയുന്നത്​. കോവിഡ്​ മൂന്നാം തരംഗത്തിന്‍റെ ഇളവിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ അടക്കമുള്ളവ ബാധകമല്ലാത്തതിനാൽ കുടുംബസമേതമുള്ള സഞ്ചാരികളാണ്​ ഏറെയും എത്തുന്നത്​. കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1200 ഹൗസ്​ബോട്ടുകൾ സർവിസ്​ നടത്തുന്നതായാണ്​ അനൗദ്യോഗിക കണക്ക്​. ഇവയിൽ ഭൂരിഭാഗവും രജിസ്​ട്രേഷനും ലൈസൻസുമില്ലാതെയാണ്​ ഓടുന്നത്​. പ്രളയവും കോവിഡുമെല്ലാം കവർന്നെടുത്ത സീസൺ തിരിച്ചുപിടിക്കാൻ ഹൗസ്​ബോട്ടുകളും ശിക്കാരവള്ളങ്ങളും സഞ്ചാരികളെ ആകർഷിക്കാൻ ​പ്രത്യേക പാക്കേജുകളും ഇളവുകളും ​പ്രഖ്യാപിച്ചിട്ടുണ്ട്​. ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലായും എത്തുന്ന മാർച്ച്​ മുതൽ ജൂൺ വരെ സീസൺ മുന്നിൽകണ്ട്​ മുഖംമിനുക്കിയാണ്​​ ഹൗസ്​ബോട്ടുകൾ കായലോരത്ത്​ നങ്കൂരമിട്ടത്​. വേമ്പനാട്ട്​ കായലിൽ ഹൗസ്​ബോട്ടിന്​ തീപിടിച്ച്​ സഞ്ചാരികൾ അദ്​ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിന്​ പിന്നാലെ സുരക്ഷ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലൂം പരിശോധനകൾക്ക്​ കോവിഡ്​ പ്രധാന തടസ്സമായി. APL house boat ആലപ്പുഴ പുന്നമട ഫിനിഷിങ്​ പോയന്‍റിൽ സഞ്ചാരികളെ കാത്തുകിടക്കുന്ന ഹൗസ്​ബോട്ടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.