മാറ്റിയിട്ടും മാറാതെ എരമല്ലൂരിലെ ബസ്​ സ്റ്റോപ്

അരൂർ: ബസ്​ സ്റ്റോപ് മാറ്റിയിട്ടും യാത്രക്കാർ പഴയ ബസ്​ സ്റ്റോപ്പിൽതന്നെ. എരമല്ലൂരിലാണ് അധികാരികൾ ബസ്​ സ്റ്റോപ് മാറ്റിയിട്ടും യാത്രക്കാർ പഴയ സ്ഥലത്തുതന്നെ ബസ് കാത്തുനിൽക്കുന്നത്. അറിയിപ്പും തീരുമാനവും എഴുപുന്ന ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെതായിരുന്നു. ദേശീയപാതയിൽ തെക്കോട്ടുള്ള ബസ് സ്റ്റോപ് നിലവിലുണ്ടായിരുന്നത് എരമല്ലൂർ ജങ്​ഷന് തെക്കുമാറി കിഴക്കായിരുന്നു. കഴിഞ്ഞദിവസം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തെക്കോട്ടുള്ള ബസ്​ സ്റ്റോപ് മാറ്റാൻ തീരുമാനിച്ചു. പെട്രോൾ പമ്പിന് സമീപം ബസ്ബേ ഉള്ള ഭാഗത്ത് ബസ്​ സ്റ്റോപ് തീരുമാനിച്ച്​ ബോർഡും സ്ഥാപിച്ചു. ഇതൊന്നുമറിയാതെ യാത്രക്കാർ പതിവുപോലെ പഴയ ബസ്​ സ്റ്റോപ്പിൽ ബസ് കാത്തു നിന്നെങ്കിലും ബസ് പലതും നിർത്താതെ പോയി. പുതിയ ബസ് സ്റ്റോപ് തീരുമാനിച്ചത് വടക്കാണ് എന്നറിഞ്ഞ്, അവിടേക്ക് പോയവരും വെയിലത്ത്​ നിന്ന്​ വിഷമിച്ചതല്ലാതെ ബസുകൾ നിർത്തിയില്ല. ബസുകൾ തടയാനും ജീവനക്കാരോട് കയർക്കാനും യാത്രക്കാർ ശ്രമിച്ചതോടെ പഴയ ബസ്​ സ്റ്റോപ്തന്നെ വീണ്ടെടുക്കാൻ തീരുമാനിച്ചു. ശനിയാഴ്ച പൊലീസ് സഹായത്തോടെ ബസ്​ സ്റ്റോപ് പുനഃസ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. സ്​റ്റോപ്പിനുള്ള സൗകര്യം ഇല്ലാത്ത പഴയ ബസ്​ സ്റ്റോപ്പിൽ ബസ്സുകൾ നിർത്തുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്​. എന്നാൽ, ഇവിടെ കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം എരമല്ലൂരിലെ പഴയ ബസ്​ സ്റ്റോപ്പിൽ യാത്രക്കാർ ബസിൽനിന്ന് കയറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.