യുദ്ധഭീതിയിൽനിന്ന്​ ജോയൽ സ്നേഹത്തണലിലേക്ക്

ചാരുംമൂട്: യുദ്ധഭൂമിയിൽനിന്ന്​ മകൻ ജോയൽ എത്തിയതിന്റെ സന്തോഷത്തിലാണ് കുടശ്ശനാട് ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ചാരുംമൂട് കരിമുളക്കൽ നെടിയത്ത് ജ്യോതിസിൽ കെ. ബാബുവും കുടുംബവും. ഒഡേസയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ ജോയൽ ഫിലിപ് ജോർജ് അതിർത്തിയായ റുമേനിയയിൽ എത്തിയ ശേഷമാണ് ഡൽഹിയിലും തുടർന്ന് നാട്ടിലുമെത്തിയത്. ഇന്ത്യൻ എംബസിയുടെ ഒരുസഹായവും താനുൾപ്പെട്ട വിദ്യാർഥിസംഘത്തിന്​ ലഭിച്ചില്ലെന്നും വിദേശികളോട് യുക്രെയ്​ൻ സൈനികർ ക്രൂരതയാണ് കാട്ടുന്നതെന്നും ജോയൽ പറഞ്ഞു. റഷ്യൻ മിസൈലുകൾ ആദ്യം പതിച്ച സ്ഥലംകൂടിയാണ് ഒഡേസ. യുദ്ധം തുടങ്ങിയതോടെ ഹോസ്റ്റലിൽതന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ദുരിത ദിനങ്ങളാണ് തള്ളിനീക്കിയത്​. കേരളത്തിൽനിന്ന്​ ഒരുമാസം മുമ്പെത്തിയ വിദ്യാർഥികൾ ബുദ്ധിമുട്ടിലാണ്. ഭാഷയറിയാതെ എങ്ങോട്ട് പോകണമെന്നറിയാതെ ബങ്കറിൽതന്നെ കഴിയുന്നവർ ഏറെയുണ്ട്. വിദേശ വിദ്യാർഥികൾ ഉൾപ്പെടെ 15 പേരടങ്ങുന്ന സംഘത്തിലായിരുന്നു ജോയൽ. മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കുമ്പോഴും തങ്ങൾക്ക് എംബസിയുടെ ഒരുസഹായവും ലഭിച്ചില്ലെന്ന് ജോയൽ പറഞ്ഞു. കൂടെയുള്ള മെഡിക്കൽ വിദ്യാർഥിയായ സുഹൃത്തിന്റെ ദുബൈയിലെ ബന്ധുവിന്റെ ഇടപെടലിലാണ് തങ്ങൾക്ക് അതിർത്തി കടക്കാൻ കഴിഞ്ഞത്​. വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ ജോയലിനെ പിതാവ് ബാബുവും മാതാവ് ഗ്രേസിയും ബന്ധുക്കളും ചേർന്നാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഫോട്ടോ: ജോയൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.