ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പിരളശ്ശേരിയിൽ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിനുനേരെ സ്ത്രീകളടക്കമുള്ളവരുടെ വൻപ്രതിഷേധം. സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി നേതാക്കളടക്കം 18പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം മറികടന്ന് കല്ലിട്ടാണ് ഉദ്യോഗസ്ഥസംഘം മടങ്ങിയത്. സംഘർഷത്തിനിടെ മുളക്കുഴ തച്ചിലേത്ത് വീട്ടിൽ റെജിയാണ് (55) കുഴഞ്ഞുവീണത്. ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച രാവിലെ 10നാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ബുധനാഴ്ചയും അതിനുമുമ്പും കല്ലിടാൻ എത്തിയപ്പോഴും നാട്ടുകാരുടെയും സമരസമിതിയുടെയും വൻപ്രതിഷേധമുയർന്നിരുന്നു. തുടർന്ന് സംഘം പിൻവാങ്ങുകയായിരുന്നു. ഇത് കണക്കിലെടുത്ത് സർവസന്നാഹവുമായാണ് സംഘം വ്യാഴാഴ്ച കല്ലിടാനെത്തിയത്. സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം അവഗണിച്ച് പിരളശ്ശേരി പാടത്ത് കല്ലിട്ടശേഷമാണ് 12പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘവും പൊലീസും മടങ്ങിയത്. പ്രവർത്തകരടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധം തുടർന്നു. നാട്ടുകാരുടെ എതിർപ്പ് മറികടന്നുള്ള കല്ലിടൽ നടപടി ഉപേക്ഷിക്കണമെന്നും പൊലീസ് തിരിച്ചുപോകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഒരു മണിക്കൂറോളം പ്രതിഷേധമുയർത്തി. അറസ്റ്റ് ചെയ്തവരെ സ്വന്തം ജാമ്യത്തിൽ വൈകീട്ടാണ് വിട്ടയച്ചത്. പിരളശ്ശേരിയിൽ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. സമരസമിതി നേതാക്കളായ ജില്ല കൺവീനർ മധു ചെങ്ങന്നൂർ, ടി. കോശി, ഫിലിപ് വർഗീസ്, റെജി തോമസ്, ജേക്കബ് വർഗീസ്, സ്റ്റീഫൻ വർഗീസ്, ഫിലിപ് ഐപ്പ്, കെ.വി. ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.