നാളികേരം സംഭരിക്കാൻ കുടുംബശ്രീയെ ഉപയോഗപ്പെടുത്തും -മന്ത്രി പി. പ്രസാദ്

തൃക്കുന്നപ്പുഴ: നാളികേര സംഭരണത്തിന് കുടുംബശ്രീ അടക്കം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദ്. ഒരു കിലോ നാളികേരത്തിന് 32 രൂപ പ്രകാരം സംഭരിക്കുന്നതിന് സഹകരണ സംഘങ്ങൾക്ക് ചുമതല നൽകിയെങ്കിലും അവർ ഇക്കാര്യത്തിൽ വിമുഖത കാട്ടി. ഏതാനും സംഘങ്ങൾ മാത്രമാണ് സന്നദ്ധമായി മുന്നോട്ടുവന്നത്. ആരൊക്കെ മുഖം തിരിച്ചാലും നാളികേരം സംഭരിക്കുന്ന കാര്യത്തിൽ സർക്കാറിന്​ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്ന്​ മന്ത്രി പറഞ്ഞു. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, കേരസമിതി, കേരസംഘം അടക്കം സംവിധാനങ്ങളെ നാളികേര സംഭരണത്തിന് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കർഷകരുടെ രജിസ്ട്രേഷനും നടന്നുവരുകയാണ്. നാളികേരത്തിൽനിന്നും മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാല് ഡയാലിസിസ് യൂനിറ്റുകൾ ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സായിബാബ ഫൗണ്ടേഷനാണ് ഇതിന്​ സൗകര്യങ്ങൾ ഒരുക്കുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. ശ്രീലേഖ പദ്ധതി വിശദീകരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രുഗ്മിണി രാജു, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ് കുമാർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. താഹ, വൈസ് പ്രസിഡൻറ് റജില ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. സുജിത്ത്, അമ്മിണി, സിയാർ തൃക്കുന്നപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധി ലാൽ തൃക്കുന്നപ്പുഴ, എൽ. യമുന, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കുസുമം തോമസ്, കൃഷി അസി. ഡയറക്ടർ ലേഖാ മോഹൻ, കൃഷി ഓഫിസർ എസ്. ദേവിക, കേരസമിതി പ്രസിഡന്‍റ്​ എം.ബി. സജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.