'അതിരു​കുറ്റി'യിൽനിന്ന്​ പിറവിയെടുത്ത അരൂക്കുറ്റി

വടുതല/അരൂർ: രാജ ഭരണകാലത്ത് തിരുവിതാംകൂറിന്‍റെ വടക്കേ അതിർത്തിയായിരുന്നു കായൽത്തീരമായ അരൂരും അരൂക്കുറ്റിയും. അരൂരിനോടും പാണാവള്ളിയോടും ചേർന്ന് മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് അരൂക്കുറ്റി. രാജഭരണത്തിൽ വളരെ പ്രൗഢിയോടെ നിലകൊണ്ട പ്രദേശമായിരുന്നു ഇവിടം. കായലിലൂടെയുള്ള ശത്രുക്കളുടെ ആക്രമണം തടയാൻ മാർത്താണ്ഡവർമ രാജാവ്‌ കായലിനടിയിൽ 'മരക്കുറ്റി'കൾകൊണ്ട് കായൽക്കോട്ട' സ്ഥാപിച്ചു. ശത്രുക്കളുടെ കായലിലൂടെയുള്ള ആക്രമണം തടയുക എന്നതായിരുന്നു ഈ മരക്കുറ്റികൾ സ്ഥാപിച്ചതിന്‍റെ ഉദ്ദേശ്യം. ശത്രുസൈന്യത്തിന്‍റെ ജലയാനങ്ങൾ ഈ മരക്കുറ്റികളിൽ തട്ടിനശിച്ച് പോകാനിടയാകും. ഈ 'കുറ്റിക്കോട്ട' ലോപിച്ച് 'കുറ്റി' എന്നാകുകയും പിന്നീട് അരൂരിലെ ഈ കുറ്റി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ പേര്‌ 'അരൂർക്കുറ്റി' എന്നായി മാറുകയും ചെയ്തു. പിന്നീട് അതും ലോപിച്ച് 'അരൂക്കുറ്റി' എന്നായി. രാജഭരണ കാലത്ത് തിരുവിതാംകൂറിന്‍റെ അതിരായിരുന്നു ഈ പ്രദേശം. ചുങ്കം പിരിക്കാനുള്ള അതിരുകുറ്റി സ്ഥാപിച്ച സ്ഥലം അതിരുകുറ്റിയാവുകയും അതിരു കുറ്റിയാണ് പിന്നീട് അരൂക്കുറ്റിയായി മാറിയതെന്നും പറയപ്പെടുന്നുണ്ട്. ചേർത്തല മുതൽ അരൂർ വരെയുള്ള പ്രദേശത്തെ കരപ്പുറം എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനമാണ് തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസ് ഈ പ്രദേശങ്ങളെ തിരുവിതാംകൂറിനോട് ചേർത്തത്.​ തിരുവിതാംകൂറിനോട്​ ചേർത്തതിന്​ ശേഷമാവണം പേരുവന്നത്​. കുറ്റി, അതിരിനെ സൂചിപ്പിക്കുന്നതിനാൽ അതിര് എന്നുള്ളതിന്‍റെ പര്യായമായി ഉപയോഗിക്കപ്പെട്ടു. ഒരുനാട് അവസാനിയ്ക്കുന്ന ഇടം എന്നായിരുന്നു അത്​. തിരുവിതാംകൂർ രാജ്യം അവസാനിക്കുന്ന 'ഇടം' ആണ്​ അതിരു കുറ്റിയായും പിന്നീട് അരൂക്കുറ്റിയായും അറിയപ്പെട്ടത്​. അരൂക്കുറ്റിയിൽ രാജഭരണത്തി‍ൻെറ ശേഷിപ്പുകൾ ഇന്നുമുണ്ട്. തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും തിരക്കുള്ള ചൗക്ക നിന്നിരുന്ന സ്ഥലമായിരുന്നു ഈ പ്രദേശം. കൊച്ചി രാജ്യത്തുനിന്ന്​ വള്ളങ്ങളിൽ കൊണ്ടുവരുന്ന സാധനങ്ങൾക്ക് ചുങ്കം ചുമത്താനുള്ള ചൗക്ക അഥവാ എക്സൈസ് ഓഫിസ് അരൂക്കുറ്റിയിലാണ് സ്ഥാപിച്ചിരുന്നത്. എക്സൈസ്‌ വകുപ്പിന്‍റെ കെട്ടിടങ്ങൾ നിലനിന്ന സ്ഥലങ്ങൾ കാടുപിടിച്ച്​ കിടക്കുകയാണ്​. രാജഭരണ കാലത്ത് പ്രസിദ്ധമായത്‌ ചൗക്കയുടെ പേരിലാണെങ്കിൽ ഇന്ന് അത് കൊച്ചിയുടെ ഉപഗ്രഹ നഗരമാണ്​. ഇവിടെ ഒരു വിളക്കുമാടവും രാജമുദ്ര പതിപ്പിച്ച അഞ്ചൽപെട്ടിയും ഉണ്ടായിരുന്നു. വിളക്ക് മാടത്തിലെ തീ പ്രഭാതം വരെ കത്തും. ഒരാൾ കോണി​വെച്ച്‌ കയറിയാണ്‌ വിളക്കിൽ എണ്ണയൊഴിച്ചിരുന്നത്. അരൂക്കുറ്റി സർക്കാർ ആശുപത്രി രാജഭരണകാലത്ത് നിർമിച്ചതാണ്. ആഭരണങ്ങൾ, രത്നങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാനുള്ള നെട്ടൂർപെട്ടി മാതൃകയിൽ നിർമിച്ചതാണിത്​. നെട്ടൂർ​പെട്ടി മാതൃകയിലുള്ള കെട്ടിടങ്ങൾ പഴയപ്രതാപത്തി‍ൻെറ ഓർമകളിലേക്കാണ്​ കൂട്ടിക്കൊണ്ടുപോകുന്നത്​. APL nettoor petty രാജഭരണകാലത്ത്​ അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ നിർമിച്ച നെട്ടൂർപെട്ടി മാതൃകയിലെ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.