കാമറകൾ നിശ്ചലം; മാലിന്യം നിറഞ്ഞ്​ അരൂരിലെ തെരുവുകൾ

അരൂർ: മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് സ്ഥാപിച്ച സി.സി ടി.വി കാമറകൾ നിശ്ചലമായതോ​ടെ അരൂരിലെ തെരുവുകളിൽ മാലിന്യം നിറയുന്നു. ദേശീയപാതയോരങ്ങളിൽ ചാക്കുകണക്കിന് മാലിന്യമാണ്​ തള്ളുന്നത്​. ഇതോടെ, പഞ്ചായത്തിന്‍റെ മാലിന്യസംസ്കരണവും പ്രതിസന്ധിയിലായി. ഗത്യന്തരമില്ലാതെ കഴിഞ്ഞ ദിവസവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുഴിച്ചുമൂടി. പ്ലാസ്റ്റിക്​ മാലിന്യം കുഴിച്ചുമൂടുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴാണ്​ പഞ്ചായത്ത് തന്നെ കാശുമുടക്കി മണ്ണുമാന്തി ഉപയോഗിച്ച് ഇവ കുഴിച്ചുമൂടുന്നത്. പഞ്ചായത്ത് ഓഫിസിന്‍റെ തെക്കുഭാഗത്ത് മാലിന്യം തള്ളുന്നത് പതിവായി. പുതിയ പഞ്ചായത്ത് ഭരണം അധികാരത്തിലേറുമ്പോൾ ട്രോമ കെയറിനു സമീപം കുമിഞ്ഞ മാലിന്യം ഭരണക്കാരുടെ തലവേദനയായി. അവ കുഴിച്ചുമൂടുക മാത്രമല്ല, അവിടെ സി.സി ടി.വി കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നത്​ തടയാനുള്ള നടപടി സ്വീകരിച്ചു. എന്നാൽ, കാമറ ഇല്ലാത്ത ദേശീയപാതക്ക്​ എതിർവശം​ മാലിന്യനിക്ഷേപകേന്ദ്രമായി. തുടർന്ന്​ മാലിന്യം പരിശോധിച്ച് ഉടമകളെ കണ്ടെത്തി പിഴയീടാക്കുന്നത് ഉൾപ്പെടെ ശിക്ഷനടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇ​തോടെ​ മാലിന്യം വഴിയോരങ്ങളിൽ കുമിയാൻ തുടങ്ങി. ഒടുവിൽ പതിവുപോലെ മണ്ണുമാന്തി ഉപയോഗിച്ച് അവിടെത്തന്നെ കുഴിച്ചുമൂടാനും പഞ്ചായത്ത് തീരുമാനിച്ചു. കുഴിച്ചുമൂടുന്നതിനുമാത്രം 20,000 രൂപ പഞ്ചായത്ത് ചെലവാക്കി. ഇതിനിടയാണ് കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ സമ്മതിച്ചത്. ചിത്രം: അരൂർ പഞ്ചായത്ത്​ മണ്ണുമാന്തി ഉപയോഗിച്ച്​ മാലിന്യം കുഴിച്ചുമൂടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.