എനിക്ക്​ അവരെയോ അവര്‍ക്ക്​ എന്നെയോ അറിയില്ല... പക്ഷേ, ഞാന്‍ അമ്മയെന്നാണ് വിളിക്കുക

ആലപ്പുഴക്കാർക്ക്​ കലക്ടറുടെ ഒരായിരം നന്ദി ആലപ്പുഴ: രാപ്പകൽ വ്യത്യാസമില്ലാതെ എന്തിനും ഏതിനും നേരിട്ട്​ സമീപിക്കാവുന്ന 'കലക്ടർ' ആലപ്പുഴയോട്​ നന്ദിപറഞ്ഞാണ്​ പടിയിറങ്ങുന്നത്​. കലക്ടറേറ്റ്​ കോൺഫറൻസ്​ ഹാളിലെ വാർത്തസമ്മേളനത്തിൽ എത്തിയപ്പോൾ മുഖത്ത്​ നേർത്ത പുഞ്ചിരി. ഞാനീ മാസ്ക്​ ഒന്ന്​ മാറ്റട്ടേ, എപ്പോഴും ഇതല്ലേ മുഖത്ത്​. മികച്ച കലക്ടർക്കുള്ള അവാർഡ്​ വാങ്ങാൻ നിന്നപ്പോഴും മുഖ്യമന്ത്രിയും ഈ മാസ്ക്​ മാറ്റാനാണ്​ ആവശ്യപ്പെട്ടത്​. ചിരിപടർത്തുന്ന തമാശ പറച്ചിലോടെയായിരുന്നു തുടക്കം. ഉന്നതസ്ഥാനത്തിരുന്ന്​ ആലപ്പുഴക്കാരുടെ സ്​നേഹം വേണ്ടുവോളം കിട്ടിയതിന്‍റെ 'നന്ദി'യാണ്​ ഓരോവാക്കിലൂടെയും പുറത്തെടുത്തത്​. കോവിഡ്​ കാലത്ത്​ ആളുകളിലേക്ക്​ കൂടുതൽ ഇറങ്ങിച്ചെന്ന്​ പ്രവർത്തിക്കാൻ കഴിയാത്തതിന്‍റെ ദുഃഖവും മറച്ചുവെച്ചില്ല. ഫോൺവിളിച്ച്​ പലരും അപ്പോയ്​ന്‍റ്​മെന്‍റ്​ ചോദിക്കാറുണ്ട്​. അ​വരോട്​ ഒന്നേ പറയാനുള്ളൂ, എന്തിനാണ്​ അനുവാദം​​ ചോദിക്കുന്നത്​, ഞാൻ ഓഫിസിലുണ്ട്​. എപ്പോൾ വേണമെങ്കിലും വന്ന്​ കാണാമല്ലോ​​?. കഴിഞ്ഞ ദിവസം ബാങ്ക്​ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നുവെന്ന പരാതിയുമായി ഒരു പെൺകുട്ടിയാണ്​ എത്തിയത്​. ബാങ്ക്​ മാനേജറെ ഫോണിൽവിളിച്ചപ്പോൾ അങ്ങനെ ഒരാവശ്യവുമായി ആരും സമീപിച്ചില്ലെന്നായിരുന്നു മറുപടി. അന്വേഷണത്തിൽ വസ്തുത ബോധ്യപ്പെട്ടതോടെ വായ്പ എത്രയും വേഗം തരപ്പെടുത്തിയായിരുന്നു ഇടപെടൽ. തിരക്കുകൾ ​ഏറെയുണ്ടെങ്കിലും ഫോൺവിളിച്ചാൽ എടുക്കുകയും തിരികെ വിളിക്കാനും സമയം കണ്ടെത്താറുണ്ട്​. ഇതുവരെ നേരിൽ കാണാത്ത 'ഒരമ്മ' സ്ഥിരമായി ഫോൺ വിളിക്കുന്നതും പങ്കുവെച്ചു. അവർ ആരാണെന്ന്​ ഇപ്പോഴുമറിയില്ല. മോന്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നു, സമയം കിട്ടുമ്പോള്‍ വീട്ടില്‍ വരണമെന്നും അവര്‍ പറയും. എനിക്ക്​ അവരെയോ അവര്‍ക്ക്​ എന്നെയോ അറിയില്ല. പക്ഷേ, ഞാന്‍ അമ്മയെന്നാണ് വിളിക്കുക -കലക്ടര്‍ ഓർത്തെടുത്തു. കോവിഡിന്‍റെ തുടക്കത്തിൽ മറക്കാനാകാത്ത അനുഭവം ഉണ്ടായിട്ടുണ്ട്​. കോവിഡ്​ ബാധിതനായ 35 വയസ്സുകാരൻ രാത്രിയിലാണ്​ ഫോൺ വിളിച്ചത്​. ഡയാലിസിസിനുള്ള സൗകര്യമൊരുക്കണമെന്നതായിരുന്നു ആവശ്യം. മുടങ്ങിയാൽ മരിച്ചുപോകു​മെന്നും പറഞ്ഞിരുന്നു. ഒരാഴ്ചകഴിഞ്ഞപ്പോൾ അ​യാൾ മരിച്ചുപോയി. അത്​ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന്​ മെഡിക്കൽ കോളജിൽ അത്തരമൊരു സംവിധാനമില്ലായിരുന്നു. അമ്പലപ്പുഴ ബ്ലോക്ക്​ പ്രസിഡന്‍റുമായി ബന്ധപ്പെട്ട്​​ 35 ലക്ഷത്തോളം രൂപ മുടക്കി 10 പേർക്ക്​ ഒരേസമയം ഡയാലിസിസ്​ ചെയ്യാനുള്ള സൗകര്യം മെഡിക്കൽ കോളജിൽ ഒരുക്കി. അന്ന്​ ഒരാൾക്ക്​ ചെയ്യാൻ കഴിയാതിരുന്ന സംവിധാനം പിന്നീട്​ ഒ​ട്ടേറെപേർക്ക്​ ഗുണകരമായെന്നത്​ സന്തോഷം നൽകുന്ന കാര്യമാണ്​. പദവിയൊഴിഞ്ഞാലും വെറുതെയിരിക്കാൻ താൽപര്യമില്ല. എന്തെങ്കിലുമൊക്കെയായി ജനങ്ങൾക്കൊപ്പമുണ്ടാകും. ഒന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ സർവിസ്​ സ്​റ്റോറിയൊന്നും എഴുതാൻ താൽപര്യമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.