തോട്ടപ്പള്ളിയിൽ നടന്നത്​ കരിമണൽ ഖനനമല്ല -കലക്ടർ

ആലപ്പുഴ: തോട്ടപ്പള്ളിയിൽ നടന്നത്​ കരിമണൽ ഖനനമല്ലെന്ന്​ കലക്ടർ എ. അലക്സാണ്ടർ. കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലയിൽനിന്ന്​ വെള്ളം പോകുന്നതിന്​ തടസ്സമായ മണ്ണുനീക്കി പ്രളയസാധ്യത ഇല്ലാതാക്കുകയാണ്​ ചെയ്തത്​. പൊഴി വീതികൂട്ടലിന്‍റെ ഭാഗമായി​ സർക്കാർ നിരക്ക്​ നിശ്ചയിച്ചാണ്​ കെ.എം.എം.എൽ വഴി മണ്ണുനീക്കിയത്​. തോട്ടപ്പള്ളിയിൽ സമരം നടത്തുന്ന പരിസ്ഥിതി സ്​​നേഹികളുടെ ഭാഗത്തുനിന്ന്​ നോക്കിയാൽ ചിലപ്പോൾ ന്യായമു​ണ്ടെന്ന്​ തോന്നും. എന്നാൽ, ഭരണതലത്തിൽനിന്ന്​ നോക്കുമ്പോൾ ഭൂരിഭാഗം ജനങ്ങളുടെ പ്രശ്നമാണ്​ പ്രധാനം. രണ്ടുവർഷത്തെ അനുഭവ​ത്തിൽ പറയുകയാണ്​, മണ്ണെടുക്കാതെ വെള്ളപ്പൊക്കം തടയാൻ കഴിയില്ല. തോട്ടപ്പള്ളിയിലെ പ്രശ്നപരിഹാരത്തിന്​ സർക്കാർ പുതിയപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്​. ലീഡിങ്​ ചാനൽ ആഴംകൂട്ടാനും സംരക്ഷണഭിത്തി നിർമിക്കാനും നിലവിലെ തടസ്സം മാറ്റാനും 70 കോടിയുടെ പദ്ധതിക്ക്​ അനുമതി കിട്ടിയിട്ടുണ്ട്​. അതുകൂടി എത്തുമ്പോൾ നിലവിലെ പ്രശ്നങ്ങൾക്ക്​ ശമനമുണ്ടാകും -വിരമിക്കുന്നതിന്​ മുന്നോടിയായി കലക്​ടറേറ്റ്​ കോൺഫറൻസ്​ ഹാളിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ്​ കലക്ടർ ​ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​. കലക്ടർ എന്ന നിലയിൽ രാഷ്ട്രീയസമ്മർദവും പിരിമുറക്കവും ഉണ്ടായിട്ടുണ്ട്​. ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിമിതികളിൽനിന്ന്​ അ​ത്തരം കാര്യങ്ങളെല്ലാം വലിയ തർക്കമില്ലാതെ പരിഹരിക്കാനായി. രണ്ട്​ പ്രളയസാഹചര്യത്തെ പ്രതിരോധിക്കുന്നതിനൊപ്പം ഫലപ്രദമായി നേരിടാനായി. ജില്ലയില്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കാന്‍ ട്രീറ്റ്‌മെന്‍റ്​ പ്ലാന്‍റ്​ ചേർത്തലയിൽ ഉടൻ തയാറാകും. കോവിഡ് വ്യാപനം എത്രകൂടിയാലും അതിജീവിക്കാന്‍ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തി. 250 കോടിയുടെ കിഫ്​ബി പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാട്​ കുടിവെള്ള പദ്ധതിയുടെ സ്ഥലം ഏറ്റെടുത്തു. കോവിഡ്​ സാഹചര്യത്തിൽ മാറ്റിവെച്ച നെഹ്​റുട്രോഫി ജലമേള ഇത്തവണയുണ്ടാകും. സാഹചര്യം അനുകൂലമായാൽ ആഗസ്റ്റിലും അല്ലെങ്കിൽ നവംബറിലും നടത്തും. ​അവധിദിനങ്ങളിൽ ഒരുലക്ഷത്തോളം ആളുകൾ എത്തുന്ന ആലപ്പുഴ ബീച്ചിൽ നവീകരണം നടത്തും. ഒരുകോടി രൂപ കംഫർട്ട് സ്​റ്റേഷനും കെ.ടി.ഡി.സി ഹോട്ടലും തുടങ്ങും. ആലപ്പുഴക്കാർ സ്​നേഹം കൂടിയവരാണ്​. എവിടെ ചെന്നാലും അത്​ അനുഭവിച്ചറിഞ്ഞിട്ടുണ്ട്​. പ്രളയബാധിത മേഖലയിൽ കഴുത്തറ്റം വെള്ളത്തിൽനിൽക്കുന്ന ബുദ്ധിമുട്ടിയേറിയ സമയത്തും അവരുടെ സ്​നേഹസാമീപ്യം അടുത്തറിഞ്ഞിട്ടുണ്ട്​. ജോലിയുടെ ഭാഗമായി ചെയ്തുകൊടുത്ത ചെറിയകാര്യങ്ങൾക്കുപോലും ആലപ്പുഴക്കാർ ഒട്ടേറെ തവണയാണ്​ നന്ദി പറഞ്ഞിട്ടുള്ളത്​​. ഇത്​ വലിയ പ്രചോദനമായി മാറിയിട്ടുണ്ട്​. കലക്ടറായി ഇരുന്നപ്പോൾ കിട്ടിയ ഇത്തരം സ്​നേഹം ജീവിതത്തിൽ മറക്കാനാവാത്തതാണ്​. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടാണ്​ കൂടുതലും പരിഹാരം കണ്ടെത്തിയത്​. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വഴിമുട്ടിയവർക്ക്​ പരിഹാരമുണ്ടാക്കി​. പണവും സ്വാധീനവുമില്ലാതെ അത്തരക്കാരോട്​ നീതിപുലർത്തിയിട്ടുണ്ട്​. കോവിഡ്​ ബാധിച്ച്​ മരിച്ചവർക്കുള്ള 50,000 രൂപയുടെ ധനസഹായം അപേക്ഷിച്ച എല്ലാവർക്കും നൽകി. ജില്ലയിൽ കോവിഡ്​ ബാധിച്ച്​ 4800 പേരാണ് മരിച്ചത്​. ഇതിൽ 4400 അപേക്ഷകൾക്കും ധനസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു. APL jilla collector വിരമിക്കുന്നതിന്​ മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ കലക്ടർ എ. അലക്സാണ്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.