-രണ്ടാം ഘട്ട നിർമാണത്തിന് ടെൻഡറായി ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴയുടെ കായികസ്വപ്നത്തിന് ചിറകുവിരിക്കുന്നു. ഇ.എം.എസ് മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന് ടെൻഡർ ആയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. അധികാര-രാഷ്ട്രീയ വടംവലിയിൽ കായികലക്ഷ്യത്തിൽനിന്ന് വഴിമാറി നാശത്തിന്‍റെ വക്കിലെത്തിയ സ്റ്റേഡിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങളടക്കം ഒട്ടേറെ തടസ്സങ്ങൾ നേരിട്ടു. ഇത് മറികടന്നാണ് ഇപ്പോഴത്തെ നടപടി. എൽ.ഡി.എഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ ഭരണസമിതിയുടെ പ്രഥമപ്രഖ്യാപനവും പാതിവഴിയിൽ നിലച്ച ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണമായിരുന്നു. രണ്ട് ഘട്ടമായാണ് ടെൻഡർ. സ്റ്റേഡിയത്തിന്റെ സിവിൽ വർക്കുകൾക്കും ട്രാക്കിൽ ഉന്നതനിലവാരത്തിലെ പുല്ല് വെച്ചുപിടിപ്പിക്കാനും 4.24 കോടിയുടേതാണ് ആദ്യത്തേത്. അന്തർദേശീയ നിലവാരത്തിലെ സിന്തറ്റിക്ക് ട്രാക്ക് സ്ഥാപിക്കാൻ ആറുകോടിയുടേതാണ് അടുത്ത ടെൻഡർ. പൊതുമേഖല സ്ഥാപനമായ കിറ്റ്കോ ലിമിറ്റഡിനാണ് നിർമാണചുമതല. കായികതാരങ്ങളെ അത്ലറ്റിക് ട്രാക്കിലും ഫീൽഡിലും പരിശീലനം നൽകാനും മികച്ച ഫുട്ബാൾ താരങ്ങളെയും വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്റ്റേഡിയം നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 2006ൽ പി.പി. ചിത്തരഞ്ജൻ ചെയർമാനായിരുന്ന കാലത്ത് 14.5 കോടി മുടക്കിയാണ് ഒന്നാംഘട്ട പ്രവർത്തനം തുടങ്ങിയത്. 2010ൽ ഒന്നാംഘട്ടം പൂർത്തിയായെങ്കിലും തുടർനടപടിയുണ്ടായില്ല. 2017ൽ കിഫ്ബിയിലൂടെ 8.62 കോടിയുടെ നവീകരണപ്രവർത്തനത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. പിന്നീട് നാശത്തിന്‍റെ വക്കിലേക്ക് കുപ്പുകുത്തിയ സ്റ്റേഡിയം ആരും തിരിഞ്ഞുനോക്കാതെയായി. ചിരകാലസ്വപ്നം പൂവണിയാൻ മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾ മുൻകൈയെടുത്തിട്ടും നഗരസഭ ബജറ്റിൽ സ്ഥിരം ഇടംപിടിച്ചിട്ടും 'സ്റ്റേഡിയം വികസനം' മാത്രം നടന്നില്ല. രാജ്യാന്തര നിലവാരത്തിൽ എട്ടുവരിയിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ടർഫ് ഫുട്ബാൾ മൈതാനം, ഫെൻസിങ്, ഡ്രെയിനേജ്, വൈദ്യുതീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്. പദ്ധതി ചെലവ് അധികരിച്ചതോടെ വീണ്ടും കിഫ്ബിയിൽ സമർപ്പിച്ചാണ് അധികതുക അനുവദിച്ചത്. നേരത്തേ 8,61,88,173 രൂപയുടെ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 10,74,43,994 ആയാണ് വർധിച്ചത്. സ്പോർട്സ് ഡയറക്ടറേറ്റിൽനിന്നുള്ള സാങ്കേതികാനുമതി, കിറ്റ്കോയുടെ ക്ലിയറൻസ് എന്നിവയും സാധ്യമാക്കി. കായികമന്ത്രി വി. അബ്ദുൽ റഹ്മാൻ, മന്ത്രി സജി ചെറിയാൻ, എച്ച്. സലാം എം.എൽ.എ, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവരുടെ ഇടപെടലുകളാണ് തടസ്സങ്ങൾ നീക്കാൻ സഹായകരമായത്. നിർമാണം മാർച്ചിൽ ആരംഭിക്കും -എച്ച്. സലാം എം.എൽ.എ ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമാണം മാർച്ചിൽ ആരംഭിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. ആലപ്പുഴയിലെ കായികതാരങ്ങളുടെയും പ്രതീക്ഷയായിരുന്ന സ്റ്റേഡിയത്തിന്റെ പൂർത്തീകരണത്തിന് 10,74,43,994 കോടിയാണ് അനുവദിച്ചത്. ആലപ്പുഴയിൽ സ്റ്റേഡിയം എന്ന സ്വപ്നത്തിന് ചിറകുനൽകിയത് മന്ത്രിമാരായിരുന്ന ഡോ. തോമസ് ഐസക്കും ജി. സുധാകരനും അംഗങ്ങളായ ഒന്നാം പിണറായി സർക്കാറാണ്. മുൻമന്ത്രി ഡോ. തോമസ് ഐസക് കിഫ്ബിയിൽനിന്ന് എട്ടുകോടിയാണ് അനുവദിച്ചത്. ഡി.പി.ആർ തയാറാക്കി മുന്നോട്ടുപോയെങ്കിലും ഭൂമി സംബന്ധമായ തർക്കങ്ങൾ ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഉണ്ടായതിനാൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫിന്‍റെ നേതൃത്വത്തിലായിരുന്ന നഗരസഭ ഭൂമി കൈമാറിയിരുന്നില്ല. പിന്നീട് എൽ.ഡി.എഫ് ഭരണസമിതി നഗരസഭയിൽ അധികാരത്തിൽ എത്തിയതോടെയാണ് സ്റ്റേഡിയം നിർമിക്കാനുള്ള ഭൂമി വിട്ടുനൽകിയുള്ള അനുമതിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. APL MB 02 EMS Stadium ആലപ്പുഴ ഇ.എം.എസ് മുനിസിപ്പൽ സ്റ്റേഡിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.