കായംകുളം: സമൂഹ മാധ്യമത്തിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന യു. പ്രതിഭ എം.എൽ.എക്കെതിരെ പടനീക്കവുമായി സി.പി.എം നേതൃത്വം. വിശദീകരണ നോട്ടീസിന് മറുപടി ലഭിക്കുന്ന മുറക്ക് നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. ധാർഷ്ട്യ സമീപനമുള്ള എം.എൽ.എയുമായി സഹകരിച്ചുപോകാൻ കഴിയില്ലെന്ന നിലപാടാണ് ഏരിയ നേതൃത്വത്തിന്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതിഭയുടെ ഇടപെടൽ പലതവണ പാർട്ടിയെ പ്രതിരോധത്തിലാക്കി. എന്നാൽ, ആദ്യമായാണ് വിശദീകരണം തേടുന്നത്. പാർട്ടി നേതാക്കളും മന്ത്രിമാരും പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ എം.എൽ.എയുടെ വിമർശനത്തിൻെറ ചൂടറിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജി. സുധാകരനെതിരെയായിരുന്നു ആദ്യവിമർശനം. പരോക്ഷ സൂചനകൾ നിറഞ്ഞ കവിതയാണ് അന്ന് ചർച്ചയായത്. മന്ത്രിമാരായിരുന്ന ജി. സുധാകരൻ, കെ.കെ. ശൈലജ എന്നിവർക്കെതിരെ വികസന വിഷയത്തിലെ സമീപനം ചോദ്യം ചെയ്തും പ്രതിഷേധ കുറിപ്പിട്ടു. ഇതോടെ സുധാകരനെ പിന്തുണച്ചിരുന്ന മണ്ഡലത്തിലെ പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസം രൂക്ഷമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സുധാകരനെതിരെയിട്ട ഒളിയമ്പ് നിറഞ്ഞ പോസ്റ്റ് വിവാദമായതിനെ തുടർന്ന് അക്കൗണ്ട് ഹാക് ചെയ്തുവെന്ന് പറഞ്ഞ് 'ജാമ്യ'മെടുത്ത് തലയൂരുകയായിരുന്നു. ഫോൺ എടുക്കാത്തതിനെച്ചൊല്ലി മന്ത്രി വീണ ജോർജിന് എതിരെ വിമർശനം ഉയർത്തിയതും ചർച്ചയായി. വോട്ട് ചോർച്ച സംബന്ധിച്ച പുതിയ വിവാദത്തോടെ പ്രതിരോധത്തിലായ ഏരിയ നേതൃത്വം എം.എൽ.എക്കെതിരെ കടുത്ത നീക്കങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന-ജില്ല നേതൃത്വത്തിന് പരാതി നൽകിയതിനൊപ്പം ലോക്കൽ കമ്മിറ്റികൾ വിളിച്ച് വിശദീകരണത്തിനും തയാറെടുക്കുന്നു. വർഗബഹുജന സംഘടനകളുടെ യോഗവും വിളിക്കും. മണ്ഡലത്തിലെ പാർട്ടി വേദികളിൽനിന്ന് എം.എൽ.എയെ ഒഴിച്ചുനിർത്തുകയാണ് ലക്ഷ്യം. തനിക്കെതിരെ നിലപാട് സ്വീകരിച്ചവരുമായി ഒരുനിലക്കുമുള്ള അനുരഞ്ജനത്തിനും തയാറല്ലെന്ന സൂചനയാണ് എം.എൽ.എക്കെന്നാണ് മറുപക്ഷം നൽകുന്ന വിവരം. ജനകീയ പിന്തുണയുള്ള ജനപ്രതിനിധിയായി പ്രവർത്തിച്ചിട്ടും അവമതിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണ് പാർട്ടി നേതാക്കളിൽനിന്ന് ഉണ്ടാകുന്നതെന്നാണ് ഇവരുടെ ആക്ഷേപം. സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പ്രതിഭ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.