വീടിന്​ തീവെച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവും പിഴയും

പ്രകോപനം മകൻ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചത്​ ചെങ്ങന്നൂർ: മകൻ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് വീടിനു തീവെച്ച കേസിൽ പ്രതിക്ക് ഏഴു വർഷം തടവും പിഴയും. വെൺമണി കൊടുകുളഞ്ഞി പൂമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ സന്തോഷിനാണ്​ (50) ചെങ്ങന്നൂർ അസിസ്റ്റന്‍റ്​ സെക്​ഷൻ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചത്. പിഴ അടക്കാതിരുന്നാൽ ആറുമാസം അധികതടവും അനുഭവിക്കണം. വിവിധ വകുപ്പുകളിലുമായി ഏഴുവർഷം ശിക്ഷിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2019 ലാണ് കേസിനാസ്പദമായ സംഭവം. വെൺമണി കോടുകുളഞ്ഞി കൃഷ്ണാലയം വീട്ടിൽ മധുവിന്‍റെ (50) മകൻ അനൂപിനെ പ്രതി ഒന്നര മാസത്തോളം തിരുവനന്തപുരത്ത് ജോലിക്ക് കൊണ്ടുപോയിരുന്നു. കൂലി നൽകാതിരുന്നതിനെത്തുടർന്ന്​ പിതാവ് പ്രതിയോട് പല പ്രാവശ്യം ഇത്​ ചോദിച്ചിരുന്നു. ഈ വിരോധം തീർക്കുന്നതിന്​ 2019 ജനുവരി 13 ന്​ വൈകീട്ട്​ നാലിന്​ പ്രതി മധുവിന്റെ വസ്തുവിൽ അതിക്രമിച്ചുകയറി വീടിനു സമീപം വെച്ചിരുന്ന മോട്ടോർ സൈക്കി​ളിന്‍റെ ടാങ്ക്​ തൂമ്പകൊണ്ട് അടിച്ചുപൊട്ടിച്ച്​ പെട്രോൾ എടുത്ത് വീടിനുമുകളിൽ ഒഴിച്ച് തീ വെക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മധുവിനെ തൂമ്പകൊണ്ട് ആക്രമിച്ചു പരിക്കേൽപിക്കുകയും ചെയ്തിരുന്നു. വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. മധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെൺമണി പൊലീസ്​ സബ് ഇൻസ്‌പെക്ടർമാരായിരുന്ന സന്തോഷ്‌ കുമാർ, രാജീവ്‌ കുമാർ എന്നിവരാണ്​ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വെൺമണി സ്​റ്റേഷനിൽ മൂന്നിലധികം കേസുകളിൽ സന്തോഷ്‌ മുമ്പ് ​പ്രതിയായിരുന്നു. പിഴത്തുക മധുവിന്​ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്​. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജി ചെറിയാൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.